ഡാം സുരക്ഷാസമിതി തെന്മല പരപ്പാർ ഡാം പരിശോധിച്ചു
text_fieldsഡാം സുരക്ഷാസമിതി തെന്മല പരപ്പാർ ഡാം ടോപ്പിൽ പരിശോധന നടത്തുന്നു
പുനലൂർ: കേന്ദ്ര നിയമപ്രകാരം സംസ്ഥാനത്ത് രൂപവത്കരിച്ച സമ്പൂർണ ഡാം സുരക്ഷാസമിതി തെന്മല പരപ്പാർ ഡാമിൽ സുരക്ഷ പരിശോധന നടത്തി. സമിതി ചെയർമാൻ ജെയിംസ് വിൽസന്റെ നേതൃത്വത്തിൽ ഏഴംഗ വിദഗ്ധസമിതിയാണ് ഞായറാഴ്ച കല്ലട ജലസേചന പദ്ധതിയുടെ (കെ.ഐ.പി) ഡാമും അനുബന്ധ മേഖലകളിലെയും സുരക്ഷാസംവിധാനങ്ങൾ പരിശോധിച്ചത്. ഡാം ടോപ്, ഗാലറി, സ്പിൽവേ ഷട്ടറുകൾ, വൈദ്യുതി ഉൽപാദന മേഖല, സാഡിൽ ഡാം തുടങ്ങിയ ഡാമുമായി ബന്ധപ്പെട്ടുള്ള എല്ലാ ഭാഗത്തും സമിതി പരിശോധന നടത്തി.
ഡാം ഭിത്തിയുടെ മുൻഭാഗത്ത് മുമ്പുണ്ടായിരുന്ന ചോർച്ച അടച്ചത് സംഘം ബോട്ടിലെത്തിയാണ് പരിശോധിച്ചത്. കാർഷിക, കുടിവെള്ള ആവശ്യത്തിന് വെള്ളം ഒഴുക്കുന്നതിനൊപ്പം വൈദ്യുതി ഉൽപാദനവും നടക്കുന്നതാണ് കെ.ഐ.പി പദ്ധതി. ഡാമിന്റെയും അനുബന്ധ മേഖലകളുടേയും സുരക്ഷ മെച്ചമാക്കാൻ മുമ്പ് വിദഗ്ധ സമിതികൾ നടത്തിയ പരിശോധനയിൽ ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിച്ചത് ഈ സമിതി പരിശോധിച്ച് വിലയിരുത്തി. ഇനിയും അപാകതകൾ പരിഹരിക്കാനുള്ളതും സുരക്ഷ വീഴ്ചകളും സമിതിയുടെ ശ്രദ്ധയിൽപെട്ടു.
എന്നാൽ, ഇത് സംബന്ധിച്ച് വെളിപ്പെടുത്താൻ സമിതി അംഗങ്ങൾ തയാറായില്ല. സുരക്ഷ ക്രമീകരണങ്ങളിൽ കണ്ടെത്തിയ അപാകത സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകുമെന്ന് സമിതി ചെയർമാൻ പറഞ്ഞു. സുരക്ഷ ക്രമീകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതടക്കം അപാകതകൾ കണ്ടെത്തിയിട്ടുണ്ട്. പ്രൊജക്റ്റ് രണ്ട് എൻജിനീയർ സുജാ ട്രെയ്സൻ, കെ.ഐ. പി എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ഷീബ, സൂപ്രണ്ടിങ് എൻജിനീയർ സജിത എന്നിവരും സംഘത്തോടൊപ്പം എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

