അധ്യാപകർക്കിടയിൽ ക്രിമിനൽ സ്വഭാവം വർധിക്കുന്നു –മന്ത്രി വി. ശിവൻകുട്ടി
text_fieldsകെ.എസ്.ടി.എ ജില്ല സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി: ഒരുവിഭാഗം അധ്യാപകർക്കിടയിൽ ക്രിമിനൽ സ്വഭാവം വർധിച്ചുവരുന്നതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇത്തരം ആളുകളുടെ 105 ഫയലുകൾ തീർപ്പാക്കലിന് തന്റെ പരിഗണനയിലുണ്ടെന്നും യാതൊരു ദയയും ഇല്ലാത്ത നടപടി ഇവര്ക്കെതിരെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരം മെച്ചപ്പെടുത്താൻ ഒരു വിദ്യാർഥിയെയും തോൽപിക്കുന്ന നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. കെ.എസ്.ടി.എ ജില്ല സമ്മേളനം കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിഷ്കരിച്ച പാഠപുസ്തകങ്ങൾ അടുത്ത അധ്യയന വർഷം ഒരു മാസം മുമ്പേ കുട്ടികളുടെ കൈകളിൽ എത്തിക്കും.
പ്രീ പ്രൈമറി അധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. കേന്ദ്ര വിദ്യാഭ്യാസ നയത്തിൽ ഒപ്പിടാത്തത് കാരണം 1500 കോടി രൂപയാണ് കേരളത്തിന് നഷ്ടമായതെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ ജില്ല പ്രസിഡന്റ് കെ.എൻ. മധുകുമാർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ടി. മനോഹരൻ,എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി വി.ആർ. അജു, കെ.എസ്ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി. കെ. ഹരികുമാർ, ജില്ല വൈസ് പ്രസിഡൻറ് ആർ.ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.എ. ഗോപാലകൃഷ്ണൻ സംഘടനാ റിപ്പോർട്ടും ജില്ല സെക്രട്ടറി ബി.സജീവ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജി. ബാലചന്ദ്രൻ , വി.എസ്. ഫൈസൽ എന്നിവർ പ്രമേയം അവതരിപ്പിച്ചു.
ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടരും. രാവിലെ 11. 30ന് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം കെ. ജയദേവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ പ്രഭാഷണം നടത്തും.വൈകിട്ട് സമ്മേളനം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

