ചായ കുടിച്ച പണം ചോദിച്ചതിന് വ്യാപാരിയെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം
text_fieldsകൊല്ലം: ചായ കുടിച്ച വകയിൽ നൽകാനുണ്ടായിരുന്ന പണം ചോദിച്ചതിന് ചായക്കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ.
ചക്കുവള്ളി ഒസ്താമുക്കിൽ ചായക്കട നടത്തി വന്നിരുന്ന പോരുവഴി കൂരാക്കോട്ടുവിളയിൽ സുധീറി(44) നെ കുത്തിക്കൊന്ന കേസിൽ പ്രതിയായ കന്യാകുമാരി മാർത്താണ്ഡം സ്വദേശിയായ വർഗീസിനെ (44) ആണ് കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ല സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്.
കന്യാകുമാരിയിൽ നിന്ന് റബർ ടാപ്പിങ് ജോലി ചെയ്യാനായി ഒസ്താമുക്കിന് സമീപമുള്ള അയന്തിവയലിൽ വാടകക്ക് താമസിക്കുകയായിരുന്ന പ്രതി കൊല്ലപ്പെട്ട സുധീറിന്റെ ചായക്കടയിലെ സ്ഥിരം പറ്റുകാരനായിരുന്നു. ചായ കഴിച്ച വകയിൽ 200 രൂപ പ്രതി കൊടുക്കാനുണ്ടായിരുന്നു.
2017 ഡിസംബർ 27ന് വൈകിട്ട് കടയുടെ മുന്നിൽ വെച്ച് സുധീർ പ്രതിയോട് ഈ പണം ചോദിച്ചു. കേൾക്കാത്ത ഭാവത്തിൽ പോയ പ്രതിയുടെ വീട്ടിൽ ചെന്ന് പണം ചോദിച്ചതിനെ തുടർന്ന് സുധീറിനെ റബർ ടാപ്പിങ് കത്തി കൊണ്ട് വയറ്റിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി രാജൻ ദൃക്സാക്ഷിയായിട്ടും കോടതിയിൽ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു.കേസിൽ അയൽവാസിയായ സ്ത്രീയുടെ മൊഴിയാണ് നിർണായകമായത്.
സംഭവം അറിഞ്ഞ് ഓടിയെത്തിയ സഹോദരിയോടും അടുത്ത കടയിലെ ആളോടും ആംബുലൻസിൽ കൂടെപോയ ആളോടും ‘വർഗീസ് എന്നെ കുത്തി’ യെന്ന് സുധീർ പറഞ്ഞതും നിർണായകമായ മരണമൊഴിയാണെന്ന് കണ്ടെത്തിയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി. ശൂരനാട് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന വി. സതീഷ് കുമാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ വി.എസ്. പ്രശാന്ത് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

