ക്രൈം മാപ്പിങ് കൂടുതൽ പഞ്ചായത്തുകളിൽ
text_fieldsകൊല്ലം: സ്ത്രീകളും കുട്ടികളും ഇരയാകുന്ന കുറ്റകൃത്യങ്ങൾക്ക് തടയിടുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ നടത്തുന്ന ക്രൈം മാപ്പിങ് കൂടുതൽ പഞ്ചായത്തുകളിലേക്ക്. കൊറ്റങ്കര, തൊടിയൂർ പഞ്ചായത്തുകളിലാണ് പുതിയതായി ക്രൈം മാപ്പിങ് നടത്തുന്നത്. സർവെ ആരംഭിക്കുന്നതിന് മുന്നോടിയായി പഞ്ചായത്ത്തല യോഗം പൂർത്തിയാക്കും. തുടർന്ന്, കുടുംബശ്രീ റിസോഴ്സ് ടീം സ്ത്രീകളുമായി സംവദിച്ചാണ് വിവരശേഖരണം നടത്തുന്നത്. 420ഓളം പേരെ ഉൾപ്പെടുത്തിയാണ് ക്രൈം മാപ്പിങ് നടത്തുന്നത്.
18 വയസ്സിന് മുകളിലുള്ള വനിതകളെ വിവിധ പ്രായപരിധി വിഭാഗങ്ങളിലാക്കി തിരിച്ചാണ് സർവെയിൽ ഉൾപ്പെടുത്തുക. പദ്ധതിയുടെ നാലാംഘട്ടം പനയം, ശാസ്താംകോട്ട, പന്മന, വിളക്കുടി, നെടുമ്പന, ചിറക്കര എന്നീ പഞ്ചായത്തുകളിൽ കഴിഞ്ഞ മാർച്ചിൽ പൂർത്തിയാക്കിയിരുന്നു.
അതിക്രമങ്ങളെക്കുറിച്ചുള്ള പഠനം, അവബോധം നൽകൽ, പ്രശ്നങ്ങൾ മനസ്സിലാക്കുക, പ്രദേശത്തെ പ്രശ്നബാധിത ഇടങ്ങൾ കണ്ടെത്തുക, പ്രതിരോധ പദ്ധതി ആവിഷ്കരിക്കുക, പിന്തുണ പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളുമായാണ് ക്രൈം മാപ്പിങ് സർവെ നടത്തുന്നത്.
ശാരീരികം, വാചികം, മാനസികം, സാമ്പത്തികം, ലൈംഗികം (വീടിനുള്ളിലും പുറത്തും), സാമൂഹികം എന്നിങ്ങനെ ഏഴുതരം അതിക്രമങ്ങളുടെ വിവരങ്ങൾ ആണ് ക്രൈംമാപ്പിങ് വഴി ശേഖരിക്കുന്നത്. ശാരീരിക, വാചിക, ലൈംഗിക അതിക്രമങ്ങൾ കൂടുതലുള്ള ഇടങ്ങൾ ആയി കണ്ടെത്തുന്ന സ്ഥലങ്ങൾ യഥാക്രമം ചുവപ്പ്, മഞ്ഞ, നീല നിറങ്ങളിൽ മാപ്പിൽ രേഖപ്പെടുത്തും.
ഈ സ്ഥലങ്ങൾ അതിക്രമങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങളായാണ് വിലയിരുത്തുക. ക്രൈം മാപ്പിങ് പൂർത്തിയാകുന്നതോടെ ജില്ലതല കോൺക്ലേവ് സംഘടിപ്പിക്കും. പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്ത് അന്തിമ റിപ്പോർട്ട് തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

