വിശ്വാസ്യത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മൂലധനം -വി.എം. സുധീരൻ
text_fieldsമാധ്യമ പ്രവർത്തകൻ കെ.എസ്. ഭാസ്കരൻ രചിച്ച ‘ഉടയോർ’ നോവൽ എഴുത്തുകാരൻ
ജി.ആർ. ഇന്ദുഗോപന് നൽകി വി.എം. സുധീരൻ പ്രകാശനം ചെയ്യുന്നു
കൊല്ലം: വിശ്വാസ്യത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ മൂലധനമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഭരണകൂടങ്ങളുടെ യഥാർഥ ശക്തിയും ജനവിശ്വാസമാണ്. അത് അവർക്ക് ആർജിക്കാനാകണം.
മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എസ്. ഭാസ്കരൻ രചിച്ച ‘ഉടയോർ’ നോവൽ പ്രസ് ക്ലബ് ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുരാഷ്ട്രീയം മൂല്യങ്ങളിൽനിന്ന് വളരെയേറെ വ്യതിചലിച്ചു. സമൂഹത്തിലെ ചൂഷണത്തിനെതിരെ പോരാടിയിരുന്ന കാലത്തുനിന്നും ഇന്ന് നാം എവിടെ എത്തിയെന്ന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പരിശോധിക്കണം. ജനാധിപത്യം നിലനിൽക്കാൻ ജനവിശ്വാസം അതിനോട് ചേർന്ന് നിൽക്കേണ്ടതുണ്ട്.
വോട്ട് ചെയ്യുന്നത് മാത്രമല്ല ജനാധിപത്യം. യഥാർഥ ജനാധിപത്യം മാറ്റിമറിക്കപ്പെടുന്നു. സാമ്പത്തിക താൽപര്യങ്ങൾ, വിദ്വേഷ പ്രചാരണം എന്നിവയൊക്കെ സങ്കുചിത രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നുണ്ട്. നാടിന് നന്മ വരുത്തുന്നതിന് പകരം എങ്ങനെയും അധികാരത്തിലെത്തുക എന്നതിലേക്ക് കാര്യങ്ങളെത്തി. രാഷ്ട്രീയം എന്നാൽ സ്ഥാനങ്ങൾ എത്തിപ്പിടിക്കലും ധനസമ്പാദനവും ആധിപത്യം പുലർത്തലുമൊക്കെയായി മാറി. ഇത് മാറ്റിയെടുക്കുന്നതിനുള്ള ചർച്ചകളാണ് നടക്കേണ്ടതെന്നും സുധീരൻ പറഞ്ഞു. ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷതവഹിച്ചു. വി.എം. സുധീരനിൽനിന്ന് കഥാകാരൻ ജി.ആർ. ഇന്ദുഗോപൻ പുസ്തകം ഏറ്റുവാങ്ങി. എൻ.കെ. പ്രേമചന്ദ്രൻ എം.പി പുസ്തകം പരിചയപ്പെടുത്തി, സീനിയർ ജേണലിസ്റ്റ് യൂനിയൻ ജില്ല സെക്രട്ടറി പി.എസ്. സുരേഷ്, പ്രസ് ക്ലബ് സെക്രട്ടറി സനൽ ഡി. പ്രേം, സരുൺ പുൽപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

