സി.പി.എം ജില്ല കമ്മിറ്റി അംഗത്തിന്‍റെ കൂറുമാറ്റം: മുസ്ലിം ലീഗിന് ബഹുമുഖ നേട്ടം
text_fieldsകൊല്ലം: സി.പി.എം ജില്ല കമ്മിറ്റി അംഗം സുജാചന്ദ്രബാബുവിന്‍റെ പാർട്ടി പ്രവേശം സംസ്ഥാനതലത്തിൽതന്നെ മുസ്ലിം ലീഗിന് ബഹുമുഖ നേട്ടത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.
ഐഷാ പോറ്റിക്ക് ശേഷം കൊല്ലത്ത് സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടി എന്നതിനപ്പുറം വെള്ളാപ്പള്ളി മുതൽ സജി ചെറിയാൻ വരെയുള്ളവർ മുസ്ലിം ലീഗിനെ വർഗീയ ചാപ്പകുത്തി ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിനുള്ള മറുപടി കൂടിയായി വിലയിരുത്തപ്പെടുന്നു. അതിനു പുറമെ കൈയൊഴിയാനിരുന്ന പുനലൂർ നിയമസഭ മണ്ഡലത്തിൽ നിർബന്ധിത സാഹചര്യത്തിൽ വേണ്ടിവന്നാൽ ഏണി ചിഹ്നത്തിൽ തന്നെ മത്സരരംഗത്തിറക്കാൻ മികച്ചൊരു സ്ഥാനാർഥിയെ ലഭിക്കുകയും ചെയ്തു അവർക്ക്.
എറണാകുളം ജില്ല കഴിഞ്ഞാൽ തെക്കൻ കേരളത്തിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന ഏക മണ്ഡലമാണ് പുനലൂർ. കഴിഞ്ഞ രണ്ട് തവണയായി 30,000നു മുകളിൽ വോട്ടിനാണ് സി.പി.ഐയോട് ഇവിടെ ലീഗ് പരാജയപ്പെടുന്നത്. സി.പി.ഐ ജില്ല സെക്രട്ടറി പി.എസ്. സുപാലിനോട് കഴിഞ്ഞ തവണ 37,000 വോട്ടിന് പരാജയപ്പെട്ടത് ലീഗിന്‍റെ സമുന്നത നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയാണ്.
ഇക്കുറി കോൺഗ്രസുമായി സീറ്റ് വെച്ചുമാറണമെന്നും പകരം ഇരവിപുരമോ ചടയമംഗലമോ വേണമെന്നുമാണ് ലീഗിന്‍റെ ആവശ‍്യം. ഇരവിപുരം വിട്ടുകൊടുക്കാൻ ആർ.എസ്.പി തയാറാണങ്കിലും പകരം കൊല്ലം വേണമെന്നതാണ് ആർ.എസ്.പിയുടെ ആഗ്രഹം. അതിന് കോൺഗ്രസ് തയാറാകാതിരുന്നാൽ അമ്പലപ്പുഴയോ ചടയമംഗലമോ ആണ് ലീഗിന്‍റെ ആവശ്യം. അതൊന്നും കിട്ടാതെ വരുകയും പുനലൂരിൽ തന്നെ മത്സരിക്കേണ്ടിവരുകയും ചെയ്താൽ ഒരുപക്ഷേ സുജ ലീഗിന്‍റെ തുറുശീട്ടാകും.
പുനലൂരിൽ പൊതുസമ്മതനായ സ്വതന്ത്രനെ കിട്ടുമോ എന്നതും ലീഗിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. അതിനിടിയിലാണ് സുജ ചന്ദ്രബാബുവിന്‍റെ രംഗപ്രവേശം. സി.പി.ഐ ഇക്കുറി പുനലൂരിൽ സുപാലിനു പകരം മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയലിനെയാണ് സ്ഥാനാർഥിയായി പരിഗണിക്കുന്നത്. സി.പി.എം- സി.പി.ഐ ഭിന്നത ഏറ്റവും അധികമുള്ള പുനലൂരിൽ സുജ നിന്നാൽ മികച്ച മത്സരം പ്രതീക്ഷിക്കാമെങ്കിലും ലീഗ് ജില്ല നേതൃത്വത്തിന് ഇരവിപുരത്ത് മാത്രമാണ് കണ്ണ്.
മുസ്ലിം ലീഗ് മതേതര പാര്‍ട്ടി എന്ന വാദം വിചിത്രം -സി.പി.എം
കൊല്ലം: സി.പി.എം വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്ന സുജാചന്ദ്രബാബുവിന്‍റെ പ്രസ്താവന വിചിത്രമെന്ന് സി.പി.എം ജില്ല കമ്മിറ്റി. ലീഗ് മതേതര പാര്‍ട്ടിയാണന്നും സി.പി.എം വർഗീയ പാര്‍ട്ടിയാണെന്നുമാണ് രാജിവെച്ചയാൾ പറഞ്ഞത്.
അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി മൂന്നു തവണയും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായി അഞ്ചു വര്‍ഷവും സി.പി.എം അവസരം നല്‍കി. ഇപ്പോള്‍ നടന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ ജില്ല സമ്മേളനം വരെ രണ്ടു തവണ ഇവര്‍ ജില്ല സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ നടന്ന ജില്ല സമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവായത്. എന്നാൽ, മഹിളാ അസോസിയേഷന്‍റെ സംസ്ഥാന കമ്മിറ്റി അംഗമായി തുടരുകയുമായിരുന്നു. പാര്‍ട്ടി വിടാന്‍ മാധ്യമങ്ങളോട് പറഞ്ഞ കാരണങ്ങളൊന്നുംതന്നെ യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ളതല്ല.
ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേര്‍ന്ന് അധികാരം പിടിക്കാന്‍ ഏതുവരെയും പോകാന്‍ മടിക്കാത്ത മുസ്ലിം ലീഗിന്‍റെ വർഗീയ നിലപാടിനോടാണ് ഇവര്‍ ഐക്യപ്പെട്ടിട്ടുള്ളത്. സംഘ്പരിവാറിന്‍റെ ഭൂരിപക്ഷ വർഗീയതയെയും ജമാഅത്തെ ഇസ്ലാമി-ലീഗ് കൂട്ടുകെട്ട് ഉയര്‍ത്തുന്ന ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിര്‍ക്കുക എന്നതാണ് ഇടതുപക്ഷത്തിന്‍റെ നയം. ഇക്കാരണത്താലാണ് സി.പി.എമ്മിനെ ഈ രണ്ട് കൂട്ടരും എതിര്‍ക്കുന്നതെന്നും ജില്ല ആക്ടിങ് സെക്രട്ടറി എസ്. ജയമോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

