കോവിഡ് പ്രതിരോധം; സ്ക്വാഡ് പരിശോധനകള്‍ ഉൗർജിതം
text_fieldsകൊല്ലം: കോവിഡ് രണ്ടാം വ്യാപന സാധ്യത നിലനില്‍ക്കെ, ജില്ലയില്‍ സ്ക്വാഡ് പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കിയെന്ന് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. സബ് കലക്ടര്‍ ശിഖാ സുരേന്ദ്രെൻറ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയിൽ മാര്‍ക്കറ്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തി. കുന്നത്തൂരില്‍ എ.ഡി.എം അലക്സ് പി. തോമസ്, എല്‍.ആര് തഹസീല്‍ദാര്‍ എം. നിസാം എന്നിവരാണ് നേതൃത്വം നല്‍കിയത്. 41 കേസുകള്‍ക്ക് താക്കീതും നാലെണ്ണത്തിന് പിഴയും ഈടാക്കി.
പുനലൂര്‍ ആര്.ഡി.ഒ ബി. ശശികുമാറിെൻറ നേതൃത്വത്തില്‍ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞ് കൊട്ടാരക്കര ചന്തമുക്ക്, പുലമണ്‍ ജങ്ഷന്, കെ.എസ്.ആര്.ടി.സി ഡിപ്പോ, വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പ്രതിരോധനടപടികള്‍ ശക്തമാക്കുന്നതിെൻറ ഭാഗമായി കോവിഡ് മാനദണ്ഡം ഉറപ്പാക്കാന്‍ കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം പ്രദേശങ്ങളിലെ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവരുടെ യോഗം ശനിയാഴ്ച രാവിലെ 10 ന് കൊട്ടാരക്കര താലൂക്ക് ഓഫിസില്‍ ചേരും. തഹസില്‍ദാര്‍ ശ്രീകണ്ഠന് നായര്‍, റൂറല്‍ എസ.്പി കെ.ബി. രവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ ടീമുകളായി നടത്തിയ പരിശോധനക്കൊപ്പം മാസ്ക്കുകളും വിതരണം ചെയ്തു.
കരുനാഗപ്പള്ളിയില്‍ കുലശേഖരപുരത്തെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ സൂക്ഷിക്കാത്തതിന് 3000 രൂപ പിഴ ഈടാക്കി. 10 കേസുകളില്‍ താക്കീത് നല്കി. ഡെപ്യൂട്ടി കലക്ടര്‍ പ്രിയ ഐ. നായര്‍, ജൂനിയര്‍ സൂപ്രണ്ട് സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി. പത്തനാപുരം താലൂക്കില്‍ എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ പി.ബി. സുനില്‍ ലാലിെൻറ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി നടത്തിയ പരിശോധനയില്‍ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 14 കേസുകള്‍ക്ക് താക്കീത് നല്കി. സബ് രജിസ്ട്രാര്‍ സക്കീര്‍ ഹുസൈന്, കൃഷി ഓഫിസര്‍ അഞ്ജു എന്നിവർ പങ്കെടുത്തു.
കോവിഡ് 454, രോഗമുക്തി 80
ജില്ലയില്‍ വെള്ളിയാഴ്ച 454 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 80 പേര് രോഗമുക്തി നേടി. വിദേശത്തുനിന്നെത്തിയ ഒരാൾ, ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നുപേർ, സമ്പര്‍ക്കം വഴി 448 പേർ, രണ്ട് ആരോഗ്യ പ്രവര്‍ത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പെടെ ജില്ലയില്‍ വെള്ളിയാഴ്ച 5701 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി.
പ്രതിരോധം; 121 പ്രത്യേക പൊലീസ് സംഘങ്ങൾ രംഗത്ത്
കൊല്ലം: കോവിഡിെൻറ രണ്ടാംവരവിൽ നിന്ന് കൊല്ലം സിറ്റിയെ പ്രതിരോധിക്കാനുള്ള ശക്തമായ നടപടികളുമായി സിറ്റി പൊലീസ്. പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിെൻറ ഭാഗമായി സിറ്റി പൊലീസിലെ എട്ട് അസി.കമീഷണർമാരുടെയും 21 ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് സേനയുടെ പകുതി സേനാംഗങ്ങളെ ഉൾപ്പെടുത്തി കോവിഡ് പ്രതിരോധ സേന രൂപവത്കരിച്ചതായി സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു.
സിറ്റി മേഖലയിൽ മാത്രമായി ഒരു സബ് ഇൻസ്പെക്ടറും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട 121 ടീമുകൾ രൂപവത്കരിച്ച് നിരത്തുകളും ആൾക്കൂട്ടങ്ങൾ രൂപം കൊള്ളാൻ സാധ്യതയുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാക്കി. കോവിഡ് േപ്രാട്ടോകോൾ പാലിക്കാത്തതിന് നിരവധി പേർക്കെതിരെ നടപടി സ്വീകരിച്ചു. കോവിഡ് മാനദണ്ഡം പാലിക്കാത്ത 16758 പേർക്ക് താക്കീത് നൽകുകയും കൃത്യമായ മാസ്ക് ധരിക്കാതെയും ചട്ടങ്ങൾ ലംഘിക്കുകയും ചെയ്ത 5763 പേർക്കെതിരെ പെറ്റിക്കേസ് എടുക്കുകയും ചെയ്തു. 142500 രൂപ പിഴയായി ഈടാക്കി. ഗതാഗത സുരക്ഷക്കായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരീക്ഷത്തിനായി സ്ഥാപിച്ചിരിക്കുന്ന കാമറകളുടെ സേവനവും ഉപയോഗിക്കും.
പ്രതിരോധമരുന്ന് ലഭ്യമാക്കണം –ഹോമിയോ അസോസിയേഷൻ
പരവൂർ: കോവിഡ് രണ്ടാം വരവ് സംസ്ഥാനത്ത് പാരമ്യതയിൽ എത്തിനിൽക്കെ, കോവിഡ് ഹോമിയോ പ്രതിരോധ ഇമ്യൂൺ ബൂസ്റ്റർ മരുന്നുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ സ്വകാര്യ ഹോമിയോ ക്ലിനിക്കുകളിലും റാപ്പിഡ് എപ്പിഡെമിക് കൺട്രോൾ സെൽ ഹോമിയോപ്പതി വകുപ്പ് നിർദേശിച്ച ഡോസേജിൽ കോവിഡ് പ്രതിരോധ ഹോമിയോ മരുന്നുകൾ ലഭിക്കും.
ഗർഭിണികൾ, 17 വയസ്സിൽ താഴെയുള്ള കുട്ടികൾ, അലർജി രോഗങ്ങൾ ഉള്ളവർ, മാറാരോഗങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്ക് വാക്സിനേഷൻ നൽകാതിരിക്കുന്ന ഘട്ടത്തിൽ ഹോമിയോപ്പതി പ്രതിരോധ മരുന്നുകൾ ഉപയോഗപ്പെടുത്തണമെന്ന് ഐ.എച്ച്.എം.എ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

