കോവിഡ് നിയന്ത്രണം: പിന്തുണ അറിയിച്ച് സാമുദായിക നേതാക്കൾ
text_fieldsകലക്ടര്‍ ബി. അബ്ദുല്‍ നാസറും ഭാര്യ എം.കെ. റുക്സാനയും സ്രവപരിശോധന നടത്തുന്നു
കൊല്ലം: കോവിഡ്-ഹരിതചട്ട മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങള്‍ സ്വമേധയാ പാലിച്ച് മാതൃകാപരമായി ആഘോഷങ്ങളും അനുഷ്ഠാനങ്ങളും സംഘടിപ്പിക്കണമെന്ന് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. റമദാൻ ആഘോഷങ്ങളിൽ മാനദണ്ഡപാലനം ചര്‍ച്ച ചെയ്യാന്‍ സാമുദായികസംഘടനാ നേതാക്കളുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചര്‍ച്ചയിലാണ് അറിയിച്ചത്.
സാമുദായിക നേതാക്കളുടെ ഉദ്ബോധന പ്രസംഗങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ്, സ്രവപരിശോധന തുടങ്ങിയവയെയും കോവിഡ് നിയന്ത്രണചട്ടങ്ങള്‍ പാലിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്ന ആഹ്വാനങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കലക്ടര്‍ അഭ്യർഥിച്ചു. ശബ്ദമലിനീകരണം, മാലിന്യസംസ്കരണം അടക്കമുള്ള വിഷയങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗവ്യാപന നിരക്ക് തടയുന്നത് സംബന്ധിച്ച് സംഘടനാ തലത്തില്‍ ശക്തമായ പിന്തുണയുണ്ടാകണമെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു.
പള്ളികളില്‍ നമസ്കാരസമയത്ത് ഹാളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിെൻറ അമ്പത് ശതമാനമോ പരമാവധി 100 പേര്‍ക്കോ പങ്കെടുക്കാം. സാമൂഹികഅകലം ഉറപ്പാക്കിയുള്ള ഇരിപ്പിട ക്രമീകരണങ്ങള്‍ ഒരുക്കണം. നമസ്കാരവസ്തുക്കള് വീടുകളില്‍ നിന്നുതന്നെ കൊണ്ടുവരണം. നോമ്പുതുറ കഴിവതും വീടുകളില്‍ തന്നെ ക്രമീകരിക്കുന്നതാണ് ഉത്തമം. ആചാരങ്ങളുടെ ഭാഗമായി ദാനധര്‍മം നിര്‍വഹിക്കുമ്പോള്‍ പാകം ചെയ്ത ഭക്ഷണ വിതരണത്തിന് പകരം ഭക്ഷ്യവസ്തുക്കള്‍ കിറ്റിലാക്കി നല്‍കുന്നതും ഉചിതമാകും. പള്ളികളില്‍ സന്ദര്‍ശക രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കണം എന്നും നിര്‍ദേശിച്ചു.
ആചാരപരമായ ചടങ്ങുകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലും കോവിഡ്-ഹരിതചട്ട മാനദണ്ഡ പാലനത്തിലും പൂര്‍ണ പിന്തുണ സാമുദായികനേതാക്കള്‍ അറിയിച്ചു. ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന് തയാറാക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു.
സാമുദായിക സംഘടനാ നേതാക്കളായ മെഹര്‍ ഖാന്, എ. നൗഷാദ്, കുറ്റിയില്‍ നിസാം, സിറാജുദ്ദീന്, മണക്കാട് നജുമുദ്ദീന്‍, പറമ്പില്‍ സുബൈര്‍, ജഹാംഗീര്‍, എം.കെ. സെയ്നുല്‍ ആബിദ്ദീന്, അനീഷ് യൂസഫ്, ആദില്‍ എം. ഖാന്, എ.എസ്. ഷമീര്‍, മുഹമ്മദ് സലീം റഷാദി, എസ്. അബ്ദുല്‍ കലാം, എ.ഡി.എം അലക്സ് പി. തോമസ്, എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍, ജില്ല ശുചിത്വ മിഷന് അസിസ്റ്റൻറ് കോഓഡിനേറ്റര്‍ ജെ. രതീഷ് കുമാര്‍, പ്രോഗ്രാം ഓഫിസര്‍ എ. ഷാനവാസ്, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഡിവിഷനല്‍ ഓഫിസര്‍, ഡോ. ടിമ്മി ജോര്‍ജ് എന്നിവർ പങ്കെടുത്തു.
കോവിഡ് പ്രതിരോധ മാതൃകയായി സകുടുംബം കലക്ടറും
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരും കോവിഡ് പരിശോധനക്ക് വിധേയരാകാനുള്ള സന്ദേശം നല്കി കലക്ടര്‍ ബി. അബ്ദുല്‍ നാസറും കുടുംബവും സ്രവ പരിശോധന നടത്തി. മൊബൈല്‍ ആര്.ടി.പി.സി.ആര് പരിശോധന ടീമാണ് കലക്ടറുടെയും ഭാര്യ എം.കെ. റുക്സാനയുടെയും കലക്ടറുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെയും സ്രവപരിശോധന നടത്തിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ ആളുകളുമായി സമ്പര്‍ക്കത്തിലായിട്ടുള്ളതിനാലാണ് കോവിഡ് പരിശോധന നടത്തുന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പ്രവര്‍ത്തകരും അടിയന്തരമായി പരിശോധനക്ക് വിധേയരാകണം. സ്രവപരിശോധനക്ക് വിപുലമായ സജ്ജീകരണങ്ങള്‍ ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നേറാന്‍ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

