വോട്ടെണ്ണൽ നാളെ; ഉദ്വേഗമുനയിൽ ജനം
text_fieldsകൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ഒരു ദിനം മാത്രം ബാക്കി നിൽക്കെ ഉദ്വേഗമുനയിൽ സ്ഥാനാർഥികളും നേതാക്കളും ജനവും. എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിലും സമ്മിശ്രപ്രതികരണമാണ്. വൻ പ്രതീക്ഷയാണ് യു.ഡി.എഫ് ക്യാമ്പിലെങ്കിൽ ഇടത് കോട്ടയായ കൊല്ലത്ത് എക്സിറ്റ് പോളുകളെ അതിജയിക്കുന്ന വിജയം നേടുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്.
ചാത്തന്നൂരിൽ കണ്ണ് വെച്ച് ബി.ജെ.പിയും ആത്മവിശ്വാസത്തിലാണ്. ജില്ലയിൽ അഞ്ചുമുതൽ ഏഴുവരെ സീറ്റുകൾ നേടുമെന്ന എക്സിറ്റ് പോൾ ഫലം കണ്ട് വലിയ ആവേശത്തിലാണ് യു.ഡി.എഫ്. പല മണ്ഡലങ്ങളിലും ആഘോഷത്തിന് ഒരുക്കങ്ങളും തുടങ്ങി. സിറ്റിങ് സീറ്റുകളായ കുണ്ടറ, കരുനാഗപള്ളി എന്നിവക്ക് പുറമെ കൊല്ലം, ചവറ, കുന്നത്തൂർ, മണ്ഡലങ്ങളും ഉറപ്പാണന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്. പത്തനാപുരവും ചടയമംഗലവും ഇരവിപുരവും കൊട്ടാരക്കരയുമൊക്കെ അവരുടെ വിജയലിസ്റ്റിലുള്ള മണ്ഡലങ്ങളാണ്.
കുണ്ടറ ഒഴിച്ചുള്ള എല്ലാ മണ്ഡലങ്ങളും ലഭിക്കുമെന്നാണ് ഇടതുവൃത്തങ്ങൾ ചൂണ്ടികാട്ടുന്നത്. പുനലൂർ, കൊട്ടാരക്കര, ചാത്തന്നൂർ, ഇരവിപുരം, ചടയമംഗലം, പത്തനാപുരം മണ്ഡലങ്ങൾ അവർ ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. അതേസമയം കൊല്ലത്ത് ആറു സീറ്റ് മാത്രം ഉറപ്പിച്ചാണ് സി.പി.എം മേൽ ഘടകത്തിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ചാത്തന്നൂരിൽ അടിയൊഴുക്ക് നടന്നതായി ചില നേതാക്കളെങ്കിലും ആശങ്കപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ നേടിയ ഒമ്പത് സീറ്റിൽ ഒരെണ്ണം കുറയുന്നത് പോലും എൽ.ഡി.എഫിനെ സംബന്ധിച്ച് നാണക്കേടാണ്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഒമ്പത് നിയമ സഭ മണ്ഡലങ്ങളിലും ലീഡ് നഷ്ടപെട്ട ഇടതുമുന്നണി തുടർന്ന് നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ ഏഴ് നിയമ സഭമണ്ഡലങ്ങളിൽ ഭൂരിപക്ഷം നേടി തിരികെ വന്നുവെന്നും അതുകൊണ്ട് തന്നെ അതിനേക്കാൾ മികച്ച വിജയമായിരിക്കും നിയമസഭ തെരഞ്ഞെടുപ്പിൽ എന്ന കണക്കുകൂട്ടൽ നടത്തുന്ന ഇടത് നേതാക്കളുമുണ്ട്.
ഒരുക്കം പൂര്‍ത്തിയായി
കൊല്ലം: ജില്ലയിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ എട്ടിന് കൊല്ലം സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ കേന്ദ്രങ്ങളിലായി 11 നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ആരംഭിക്കും.
സെന്റ് അലോഷ്യസ് സ്കൂളിലെ ഹൈസ്കൂൾ സെക്ഷൻ ഓഫിസ് ബിൽഡിങ്ങിൽ കരുനാഗപ്പള്ളിയിലെയും ഹൈസ്കൂൾ സെക്ഷൻ പ്രധാന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചവറയിലെയും ഹയർ സെക്കൻഡറി ബ്ലോക്ക് പ്രധാന കെട്ടിടത്തില്‍ പത്തനാപുരം, പുനലൂര്‍ മണ്ഡലങ്ങളിലെയും ബിഷപ്പ് ജെറോം ബ്ലോക്ക് ഒന്നാം നിലയില്‍ ഇരവിപുരം മണ്ഡലത്തിലെയും ബിഷപ്പ് ജെറോം ബ്ലോക്ക് താഴത്തെ നിലയില്‍ ചാത്തന്നൂരിലെയും വോട്ടെണ്ണും. ക്രിസ്തുരാജ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂൾ ബ്ലോക്കിന്റെ തെക്ക് ഭാഗത്ത് കുന്നത്തൂരിലെയും ഹയർ സെക്കൻഡറി ബ്ലോക്ക് പ്രധാന കെട്ടിടത്തില്‍ കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളിലെയും ഹൈസ്കൂൾ ബ്ലോക്ക് പ്രധാന കെട്ടിടത്തില്‍ കുണ്ടറ, കൊല്ലം മണ്ഡലങ്ങളിലെയും വോട്ടെണ്ണും.
ആകെ 1125 പേരെയാണ് വോട്ടെണ്ണല്‍ ജോലികള്‍ക്കായി ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. പോസ്റ്റല്‍, സര്‍വിസ് വോട്ടുകള്‍ എണ്ണാനായി 118 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയും 229 കൗണ്ടിങ് അസിസ്റ്റന്റുമാരെയും നിയമിച്ചിട്ടുണ്ട്. മൈക്രോ ഒബ്സര്‍വര്‍മാരായി യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ ടേബിളുകളില്‍ 220 പേരും പോസ്റ്റല്‍, സര്‍വീസ് ബാലറ്റ് എണ്ണുന്ന ടേബിളുകളില്‍ 118 പേരും ഉണ്ടാവും.
ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച നിരീക്ഷകർ, മൈക്രോ ഒബ്സർവർമാർ എന്നിവരുടെ കർശന മേൽനോട്ടത്തിലായിരിക്കും ഓരോ ഘട്ടവും നടക്കുക. പോസ്റ്റല്‍ ബാലറ്റ് എണ്ണാനുള്ള ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍ എന്നിവരാണ് ഉണ്ടാവുക. സര്‍വിസ് വോട്ടുകള്‍ (ഇ.ടി.പി.ബി.എസ്) എണ്ണാനുള്ള ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരും ഇ.വി.എം വോട്ട് എണ്ണാനുള്ള ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍ എന്നിവരും ഉണ്ടാവും.
യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണാൻ ഓരോ ഹാളിലും 14 ടേബിളുകൾ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. പോസ്റ്റൽ ബാലറ്റുകൾ എണ്ണാനായി കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ എട്ട് വീതവും, കരുനാഗപ്പള്ളി, ചവറ, പുനലൂർ എന്നിവിടങ്ങളിൽ ഏഴ് വീതവും, ചാത്തന്നൂരിൽ ആറും, ഇരവിപുരത്ത് അഞ്ചും ടേബിളുകൾ വീതം ഒരുക്കിയിട്ടുണ്ട്. സർവിസ് വോട്ടുകൾ എണ്ണാനായി കുന്നത്തൂരിൽ അഞ്ചും കരുനാഗപ്പള്ളിയിൽ നാലും കൊട്ടാരക്കരയിൽ മൂന്നും ചവറ, പത്തനാപുരം, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിൽ രണ്ട് വീതവും ഇരവിപുരത്ത് ഒരു ടേബിളുമാണ് മാറ്റിവെച്ചിട്ടുള്ളത്.
കുന്നത്തൂർ (227 ബൂത്തുകൾ), കുണ്ടറ (226 ബൂത്തുകൾ) എന്നിവിടങ്ങളിൽ 17 റൗണ്ടുകളായും പുനലൂർ (220 ബൂത്തുകൾ), കരുനാഗപ്പള്ളി (214 ബൂത്തുകൾ) മണ്ഡലങ്ങളിൽ 16 റൗണ്ടുകളായും വോട്ടെണ്ണും. കൊട്ടാരക്കര (204 ബൂത്തുകൾ), ചടയമംഗലം (204 ബൂത്തുകൾ), പത്തനാപുരം (196 ബൂത്തുകൾ), ചാത്തന്നൂർ (196 ബൂത്തുകൾ) എന്നീ മണ്ഡലങ്ങളിൽ 15 റൗണ്ടുകളാണ് നിശ്ചയിച്ചിട്ടുള്ളത്. ഇരവിപുരം (191 ബൂത്തുകൾ), കൊല്ലം (190 ബൂത്തുകൾ), ചവറ (188 ബൂത്തുകൾ) എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 14 റൗണ്ടുകൾ കൊണ്ട് പൂർത്തിയാകും. ഓരോ മണ്ഡലത്തിലെയും ബൂത്തുകളുടെ എണ്ണത്തിന് അനുസരിച്ചാണ് ഈ ക്രമീകരണം.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. റിട്ടേണിങ് ഓഫിസർമാർക്ക് ഒഴികെ മറ്റാർക്കും വോട്ടെണ്ണല്‍ ഹാളിനുള്ളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവാദമില്ല. എല്ലാ ടേബിളുകളിലെയും നടപടികൾ കൃത്യമായി നിരീക്ഷിക്കാൻ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിന് പുറമെ ഓരോ മണ്ഡലത്തിലെയും ഏതെങ്കിലും അഞ്ച് ബൂത്തുകളിലെ വി.വി പാറ്റ് സ്ലിപ്പുകൾ എണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

