പ്ലാസ്റ്റിക് മാലിന്യം വിറ്റഴിച്ചതിൽ അഴിമതിയെന്ന് ;തൃക്കരുവ ഗ്രാമപഞ്ചായത്തിൽ വിജിലൻസ് പരിശോധന
text_fieldsഅഞ്ചാലുംമൂട്: ഹരിത കർമ സേന കാഞ്ഞാവെളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മാനദണ്ഡം പാലിക്കാതെ വിറ്റഴിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിൽ തൃക്കരുവ ഗ്രാമപഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തി. കഴിഞ്ഞ 18 നായിരുന്നു പരിശോധന.
ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിക്കും അസി. സെക്രട്ടറിക്കും എതിരെയായിരുന്നു പ്രതിപക്ഷ കക്ഷിയായ സി.പി.എമ്മിന്റെ അഴിമതി ആരോപണം. തുടർന്ന് പ്രതിപക്ഷ കക്ഷി നേതാവ് രതീഷാണ് വിജിലൻസിന് പരാതി നൽകിയത്.
പഞ്ചായത്തിൽ നടന്ന പരിശോധനയിൽ പരാതി സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ വിജിലൻസ് സംഘം ശേഖരിച്ചു. രാവിലെ 10ന് തുടങ്ങിയ പരിശോധന ഉച്ചക്ക് രണ്ടുവരെ നീണ്ടു. വിജിലൻസ് ഉദ്യോഗസ്ഥ സിസിലിയുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് പരിശോധനക്കെത്തിയത്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ തദ്ദേശ വകുപ്പിനാണ് മേൽനടപടി സ്വീകരിക്കാനുള്ള അധികാരം.
ജൂൺ 20നാണ് തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ 16 വാർഡുകളിൽനിന്നുമായി ഹരിത കർമസേന ശേഖരിച്ച് സൂക്ഷിച്ച പാഴ്വസ്തുക്കൾ, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ ഒരു നടപടിക്രമവും പാലിക്കാതെ വിറ്റഴിച്ചതായി ആരോപണം ഉയർന്നത്.
ആരോപണം പഞ്ചായത്ത് ഭരണസമിതി പാടേ നിഷേധിച്ചെങ്കിലും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി ഡി.വൈ.എഫ്.ഐ തൃക്കരുവ മേഖല പ്രസിഡൻറ് വി.ഇ.ഒക്ക് പരാതി നൽകിയിരുന്നു. പിന്നാലെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പിക്കറ്റിങ് നടത്തിയിരുന്നു.
തൃക്കരുവ കുടുംബാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന പാഴ്വസ്തുക്കൾ, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയാണ് നടപടി ക്രമങ്ങൾ ഒഴിവാക്കി യഥേഷ്ടം വിറ്റഴിച്ചത്. ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ മാലിന്യം സൂക്ഷിക്കുന്നത് പഞ്ചായത്ത് നിർത്തിയിരുന്നു. സംഭവങ്ങൾക്ക് പിന്നിൽ അഴിമതി ഇല്ലെന്ന് പഞ്ചായത്ത് ഔദ്യോഗിക പ്രതികരണം നടത്തുകയും ചെയ്തിരുന്നു.
മാലിന്യ അഴിമതി വിവാദത്തിൽ കഴമ്പില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. വിജിലൻസ് ഡയറക്ടറേറ്റിൽനിന്നുള്ള റിപ്പോർട്ട് വന്നശേഷം തുടർനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ കക്ഷി നേതാവ് പറഞ്ഞു.