കോർപറേഷൻ കൗൺസിൽ; എണ്ണയിൽ പ്ലാസ്റ്റിക്: ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റേത് അനാസ്ഥയെന്ന് മേയർ
text_fieldsകൊല്ലം: നഗരത്തിലെ കടയിൽ എണ്ണയിൽ പ്ലാസ്റ്റിക് ചേർത്ത് പാചകം ചെയ്തതായി പരാതിയുയർന്ന സംഭവത്തിൽ ഫുഡ് സേഫ്റ്റി വിഭാഗത്തിന് അനാസ്ഥയുണ്ടായെന്ന് മേയർ ഹണി. വിവരമറിയിച്ചിട്ടും 24 മണിക്കൂർ കഴിഞ്ഞാണ് ഫുഡ് സേഫ്റ്റി വിഭാഗം ഇടപെട്ടതെന്നും മേയർ കൗൺസിൽ യോഗത്തിൽ പറഞ്ഞു.
സംഭവമറിഞ്ഞപ്പോൾതന്നെ കോർപറേഷൻ ഹെൽത്ത് വിഭാഗം ഇടപെട്ടതുൾപ്പെടെ മേയർ വിശദീകരിച്ചു. അപ്പോൾത്തന്നെ ഫുഡ് സേഫ്റ്റി വിഭാഗത്തെ വിവരമറിയിച്ചെങ്കിലും പിറ്റേന്നാണ് വന്നത്. ഇപ്പോൾ കോർപറേഷൻ ഇടപെട്ടതിലാണ് അവരുടെ പ്രതിഷേധം. വീഴ്ച സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തും. വിഷയത്തിൽ മികച്ച ഇടപെടൽ നടത്തിയ ജെ.എച്ച്.ഐ രാജീവിനെ അഭിനന്ദിക്കുന്നതായും മേയർ പറഞ്ഞു.
സംഭവമുണ്ടായ സമയം മുതൽ താനും മേയറും സ്ഥിരംസമിതി അധ്യക്ഷരും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ വിവരമറിയിച്ച് വിളിച്ചതായി സെക്രട്ടറി ഡി. സാജു കൗൺസിലിനെ അറിയിച്ചു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കോർപറേഷൻ പൊലീസിൽ പരാതി നൽകിയതായും സെക്രട്ടറി പറഞ്ഞു.
നഗരത്തിൽ അനധികൃത തെരുവ് കച്ചവടം നീക്കിയ സ്ഥലത്ത് വീണ്ടും കച്ചവടം തുടങ്ങിയതിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മേയർ പറഞ്ഞു. തെരുവ് കച്ചവടക്കാർ കൂണുപോലെ മുളച്ചുപൊന്തുന്നത് ഗൗരവതരമാണ്. ബീച്ചിലെ കച്ചവടക്കാരിൽനിന്ന് പണം പിരിക്കാൻ കരാറുകാരന് അനുമതി നൽകിയിട്ടില്ല.
ബീച്ചിൽ മണൽപ്പരപ്പിൽനിന്ന് കച്ചവടം ഒഴിപ്പിക്കുമെന്നും മേയർ വ്യക്തമാക്കി. വിജയകരമായി മുന്നേറുന്ന ‘ഗുഡ് മോണിങ് കൊല്ലം’ പദ്ധതിയിൽ സ്പോൺസറെ കിട്ടിയിട്ടില്ല. സ്പോൺസറെ കിട്ടിയാൽ മറ്റ് സ്ഥലങ്ങളിലും കൗണ്ടർ ആരംഭിക്കും. മഴക്കാല പൂർവശുചീകരണം ഉടൻ തുടങ്ങും. തെരുവുവിളക്കുകൾ കത്താത്തതും ഹൈമാസ്റ്റ് ഉൾപ്പെടെ കേടായ ലൈറ്റുകൾ മാസങ്ങളായി അറ്റകുറ്റപ്പണി ചെയ്യാത്തതിനെക്കുറിച്ചും കൗൺസിലർമാർ പരാതി ഉന്നയിച്ചു.
കൗൺസിലർമാർ ആരും ലൈറ്റ് കത്തുന്നില്ല എന്ന പരാതിയുമായി വിളിക്കുന്നില്ല എന്നാണ് കരാറുകാരൻ പറയുന്നതെന്ന് ഡെപ്യൂട്ടി മേയർ എസ്. ജയൻ പറഞ്ഞതോടെ ആ വാദം കളവാണെന്ന് കൗൺസിലർമാർ ഒന്നടങ്കം ശബ്ദമുയർത്തി. കൗൺസിലർമാർ പരാതികൾ രേഖയാക്കുന്നതിനായി കത്തിലൂടെ തന്നെ നൽകണമെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.
സാംബശിവൻ സ്ക്വയർ കൂടുതൽ സജീവമാക്കണമെന്ന് സ്ഥിരം സമിതി അധ്യക്ഷ യു. പവിത്ര ആവശ്യപ്പെട്ടു. സ്ക്വയറിനുള്ളിൽ ഫുഡ് ട്രക്ക് പോലുള്ള സൗകര്യങ്ങൾ അനുവദിക്കണം. ചിന്നക്കടയിൽ റോഡ് ൈകയേറിയുള്ള തട്ടുകട കച്ചവടം അനുവദിക്കില്ല. ഇതിനെതിരെ കോർപറേഷൻ അടിയന്തര നടപടി സ്വീകരിക്കണം. നഗരത്തിൽ 40 സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കുമെന്നും യു. പവിത്ര അറിയിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സജീവ് സോമൻ, എസ്. ഗീതാകുമാരി, കൗൺസിലർമാരായ ജോർജ് ഡി. കാട്ടിൽ, കുരുവിള ജോസഫ്, സാബു, നൗഷാദ്, സ്റ്റാൻലി, നിസാമുദീൻ, പുഷ്പാംഗദൻ, കൃഷ്ണേന്ദു, ഗിരിജ തുളസി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

