കരാറുകൾ പാതിവഴിയിൽ; ഉദ്യോഗസ്ഥർ മറുപടി പറയണമെന്ന് മേയർ
text_fieldsകൊല്ലം: കോർപറേഷനിലെ കരാറുകൾ ഏറ്റെടുത്തവർ പാതിവഴിയിൽ ഉപേക്ഷിക്കുന്ന സംഭവങ്ങൾ അന്വേഷിക്കുമെന്നും അടുത്ത യോഗത്തിൽ ഉദ്യോഗസ്ഥർ മറുപടി പറയണമെന്നും മേയർ പ്രസന്ന ഏണസ്റ്റ്.കോർപറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ചക്ക് മറുപടി പറയുകയായിരുന്നു മേയർ.
കോർപറേഷനിലെ കരാറുകാർ ഏറ്റെടുത്ത പ്രവൃത്തികൾ വൈകിപ്പിക്കുന്നതിൽ സൂപ്രണ്ടിങ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ഡെപ്യൂട്ടി മേയർ കൊല്ലം മധുവാണ് വിമർശനം ഉന്നയിച്ചത്. രണ്ട് വർഷമായി ടാർ ചെയ്യാതെ കിടക്കുന്ന ഡിവിഷനിലെ റോഡിന്റെ അവസ്ഥ ചൂണ്ടിക്കാണിച്ചാണ് ഡെപ്യൂട്ടി മേയർ ഉദ്യോഗസ്ഥരെ വിമർശിച്ചത്.കൊല്ലം ബീച്ചിൽ അപകടങ്ങൾ പതിവാകുന്നതിനാൽ കാര്യക്ഷമമായ സുരക്ഷ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോർപറേഷൻ വാഹനങ്ങളിൽ ഇന്ധനം നിറക്കാൻ 20 വർഷമായി ഒരു പെട്രോൾ പമ്പിനെ ആശ്രയിക്കുന്നതിന് പിന്നിൽ അഴിമതിയുണ്ടെന്നും അന്വേഷണം വേണമെന്നും കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫ് ആവശ്യപ്പെട്ടു. തെരുവുനായ് വന്ധ്യംകരണ നടപടികൾ മുടങ്ങിക്കിടക്കുകയാണെന്ന് ഭരണപക്ഷ കൗൺസിലർ എ. നൗഷാദ് പറഞ്ഞു. കോർപറേഷൻ കൗൺസിലർ രാജു നീലകണ്ഠന്റെ വിയോഗത്തിൽ യോഗം അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

