നിർമാണ പ്രവർത്തനം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണം
text_fieldsനിർമാണ പ്രവർത്തനം പുരോഗമിക്കുന്ന കൊല്ലം റെയിൽവെ സ്റ്റേഷൻ
കൊല്ലം: പുനർവികസന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതോടെ കൊല്ലം റെയിൽവേ സ്റ്റേഷനിന്റെ പ്രവർത്തനങ്ങളിലും റെയിൽ ഗതാഗതം അടക്കമുള്ള കാര്യങ്ങളിലും വലിയ നിയന്ത്രണം വരുന്നു. വ്യാഴാഴ്ച മുതൽ 65 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തുക. റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ എയർ കോൺകോഴ്സ് കോളങ്ങൾ, കോർബൽ, ട്രെസിൽ ബീമുകൾ എന്നിവയുടെ നിർമാണത്തിനും നിലവിലുള്ള സൗത്ത് ടെർമിനൽ കെട്ടിടം പൊളിച്ചുമാറ്റുന്നതിനും കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേ അംഗീകാരം നൽകി.
ഇന്ന് മുതൽ നവംബർ 14 വരെ ഇതിന്റെ പ്രവൃത്തികൾ നടക്കും. എല്ലാ ദിവസവും രാവിലെ 10.45 മുതൽ ഉച്ചക്ക് 12.15 വരെ ഒന്നര മണിക്കൂറും രാത്രി 10.30 മുതൽ പുലർച്ചെ 03.30 വരെ അഞ്ച് മണിക്കൂറുമാണ് നിർമാണ പ്രവൃത്തികൾ നടക്കുക. ഈ സമയം ട്രെയിനുകൾ 5, 6, 7 അല്ലെങ്കിൽ 8 പ്ലാറ്റ്ഫോമിനരികിലെ പാളംവഴി തിരിച്ചുവിടും. ഇത് 20 മിനിറ്റ് അധികം ട്രെയിനുകൾ പിടിച്ചിടുന്നതിന് കാരണമായേക്കാമെന്ന് റെയിൽവേ അറിയിച്ചു.
സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ഈ ദിവസങ്ങളിൽ കൂടുതൽ ലൈൻ പൈലറ്റുമാരെ വിന്യസിക്കും. സാധാരണയല്ലാത്ത പാളങ്ങളിലൂടെ ട്രെയിൻ കടന്നുവരുമെന്നതിനാൽ സ്റ്റേഷന്റെ രണ്ടാം കവാടത്തിലൂടെ പാളം മുറിച്ചുകടന്ന് സ്റ്റേഷനിൽ പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുന്ന യാത്രക്കാർ ജാഗ്രത പാലിക്കേണ്ടിവരും. ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷിതമായ കടന്നുപോക്കിന് ആവശ്യമായ എല്ലാ മുൻകരുതലുകളും ഉറപ്പാക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിലവിലെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗമാണ് പുരോഗമിക്കുന്നത്. മൾട്ടി ലെവൽ പാർക്കിംങ് കേന്ദ്രം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ പ്രധാന കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. അതിനായി നിലവിലെ ടിക്കറ്റ് കൗണ്ടറുകളടക്കം പൊളിച്ചു. പകരം ഏർപ്പെടുത്തിയ താൽക്കാലിക കൗണ്ടറുകൾ യാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസോ ആർ.പി.എഫോ ഇല്ലാത്ത സ്ഥിതിയുമുണ്ട്. യാത്രക്കാർക്ക് എ.ടി.വി.എമ്മിൽനിന്ന്(ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെൻഡിങ് മെഷീൻ) ടിക്കറ്റ് എടുക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടങ്കിലും അധികം പേർക്കും അതിന്റെ പ്രവർത്തനം അറിയില്ല. യാത്രക്കാരെ സഹായിക്കാൻ ഫെസിലിറ്റേറ്റർമാരെ നിയമിച്ചിട്ടുണ്ടങ്കിലും പലപ്പോഴും ആളുണ്ടാവില്ല. പുതിയ നിയന്ത്രണം കൂടി വരുമ്പോൾ ജനങ്ങൾ ഏറെ ദുരിതത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

