വെറ്റമുക്ക്-താമരക്കുളം റോഡ് നിർമാണം പുരോഗമിക്കുന്നു
text_fieldsവെറ്റമുക്ക് - താമരക്കുളം റോഡ് നിർമാണം പുനരാരംഭിച്ചതിന്റെ ഭാഗമായി മൈനാഗപ്പള്ളി ഭാഗത്ത് വീതി കൂട്ടുന്ന പണികൾ
പുരോഗമിക്കുന്നു
ശാസ്താംകോട്ട: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വെറ്റമുക്ക്-താമരക്കുളം റോഡ് നിർമാണം പുരോഗമിക്കുന്നു. കരുനാഗപ്പള്ളി വെറ്റമുക്കിൽ നിന്ന് ആരംഭിച്ച് തേവലക്കര വഴി മൈനാഗപ്പള്ളി പുത്തൻചന്ത വരെയും കരുനാഗപ്പള്ളി പടനായർകുളങ്ങര മുതൽ ശാസ്താംകോട്ട ടൗൺ വരെയും ഉള്ള 65 കോടിയുടെ കിഫ്ബി റോഡ് നിർമാണ പദ്ധതി ആയിരുന്നു ഇത്. 2019ൽ കരാറുകാരൻ പണി ആരംഭിച്ച് റോഡ് ഇളക്കി മെറ്റലിങ് നടത്തുകയും പ്രാഥമിക ഘട്ട ടാറിങ് നടത്തുകയും ചെയ്തു.
പ്രധാന ജങ്ഷനുകൾ കേന്ദ്രീകരിച്ച് റോഡരുകിൽ ഇന്റർലോക്ക് കട്ടകൾ പാകിയെങ്കിലും പിന്നീട് കരാറുകാരൻ പണി ഉപേക്ഷിച്ചു പോയി. മൈനാഗപ്പള്ളി-തേവലക്കര റോഡിൽ വെട്ടിക്കാട്ട് ഏലായുടെ നടുക്ക് കലുങ്ക് നിർമാണം അടക്കമാണ് കരാറുകാരൻ ഉപേക്ഷിച്ചത്.
റോഡിന്റെ ഏറെ ഭാഗവും കുന്നത്തൂർ നിയമസഭ മണ്ഡലത്തിലൂടെ ആയതിനാൽ കുന്നത്തൂർ താലൂക്ക് വികസന സമിതിയിൽ അടക്കം റോഡ് നിർമാണം ഉപേക്ഷിച്ചത് നിരവധി തവണ ചർച്ചയായി. തുടർന്ന് നടത്തിയ നടപടികളുടെ ഭാഗമായി ആദ്യ കരാറുകാരനെ ഒഴിവാക്കി. ബഗേറോ എന്ന നിർമാണ കമ്പനിയെയാണ് ചുമതല ഏൽപിച്ചത്.
പ്രാഥമിക ഘട്ട ടാറിങ്ങിനോടൊപ്പം രണ്ടാം ഘട്ട ടാറിങ്, വെട്ടിക്കാട്ട് ഏലായിൽ കലുങ്ക് നിർമാണം, ഓട നിർമാണം അടക്കമുള്ള പണികളാണ് നടത്തുന്നത്. വീതി കൂട്ടേണ്ട ഭാഗങ്ങളിൽ അതിനുള്ള പണികളും പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

