കുറ്റിയിൽമുക്ക്-കോട്ടക്കകത്ത് മുക്ക് റോഡ് നിർമാണം ഇഴയുന്നു; പ്രതിഷേധം
text_fieldsനിർമാണത്തിനുവേണ്ടി മെറ്റൽ ഇളക്കിയിട്ട കുറ്റിയിൽമുക്ക്
-കോട്ടക്കകത്ത് റോഡിൽ തകരാറിലായ വാഹനം
ശാസ്താംകോട്ട: കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ നിർമാണം ആരംഭിച്ച കുറ്റിയിൽ മുക്ക്-കോട്ടക്കകത്ത് മുക്ക് റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്നതിൽ വ്യാപക പ്രതിഷേധം. കുറ്റിയിൽ മുക്ക് ഭാഗത്ത് നിലവിലുണ്ടായിരുന്ന ടാറിങ് ഇളക്കി രണ്ടാഴ്ച പിന്നിട്ടിട്ടും ഇത് ഉറപ്പിക്കാൻ കരാറുകാരൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഇതുമൂലം ഈ ഭാഗത്തേക്കുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മെറ്റൽ ഇളകി കിടക്കുന്ന റോഡിലൂടെ ഇരുചക്രവാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്. നിരവധി പേർക്ക് ഇത്തരത്തിൽ പരിക്കേറ്റിട്ടുണ്ട്. മറ്റ് വാഹനങ്ങളും അപകടത്തിൽപെടുന്നത് പതിവാണ്.
പത്ത് വർഷത്തിലധികമായി റോഡ് തകർന്ന് കാൽനട പോലും അസാധ്യമായിരുന്നു. പ്രദേശവാസികളുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടെയും പ്രതിഷേധ ഫലമായാണ് റോഡ് പുനർനിർമിക്കാൻ തീരുമാനിച്ചത്. ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് പുനർനിർമിക്കാൻ ജില്ല പഞ്ചായത്ത് അംഗങ്ങളായ ഡോ. പി.കെ. ഗോപനും അനിൽ എസ്. കല്ലേലിഭാഗവും 20 ലക്ഷം രൂപ വീതം ഫണ്ട് അനുവദിച്ചു. എന്നാൽ, ഈ തുകക്ക് റോഡ് നിർമാണം പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ പ്രാദേശിക വികസനഫണ്ടിൽനിന്ന് 20 ലക്ഷം രൂപ നൽകാമെന്ന് ഉറപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടക്കകത്ത് മുക്കിൽനിന്ന് പണി ആരംഭിച്ചു. എം.എൽ.എ ഫണ്ട് അനുവദിച്ചു കിട്ടാനുള്ള താമസം മൂലം പിന്നീട് ഇടഭാഗം ഒഴിച്ചിട്ട് കുറ്റിയിൽ മുക്കിൽനിന്ന് പണി ആരംഭിക്കാൻ ശ്രമിച്ചതോടെ കോട്ടക്കകത്ത് മുക്ക് ഭാഗത്തുള്ളവർ പ്രതിഷേധവുമായി രംഗത്ത് വരികയും റോഡ് കെട്ടിയടച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഒരേ ഭാഗത്തുനിന്ന് പണി പൂർത്തീകരിച്ച് പോകണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ഇപ്പോൾ എം.എൽ.എ ഫണ്ടും അനുവദിച്ച് കുറ്റിയിൽ മുക്ക് ഭാഗത്ത് റോഡ് നിർമാണം ആരംഭിച്ചെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്. മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽനിന്ന് പതാരം, ശൂരനാട് മേഖലയിലേക്കുള്ള പ്രധാന റോഡ് നിർമാണമാണ് മാസങ്ങളായി ഇഴഞ്ഞ് നീങ്ങുന്നത്. വടക്കൻ മേഖലയിൽ ഉള്ളവർ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ അടക്കമെത്താൻ മറ്റ് മാർഗ്ഗങ്ങളെയാണ് ആശ്രയിക്കുന്നത്. നിർമാണ സാധനങ്ങളുടെ ലഭ്യത കുറവാണ് റോഡ് നിർമാണം വൈകുന്നതിന് കാരണമെന്നാണ് കരാറുകാരന്റെ നിലപാട്. രണ്ട് ദിവസത്തിനുള്ളിൽ റോഡ് പണി ആരംഭിച്ചില്ലെങ്കിൽ കുറ്റിയിൽ മുക്കിൽ റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ നടത്താനാണ് പ്രദേശവാസികളുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

