ഒച്ചിഴയും വേഗത്തിൽ കാവൽപുര മേൽപാലം നിർമാണം
text_fieldsഇരവിപുരം കാവൽപ്പുരയിൽ തൂണുകളിലൊതുങ്ങിയ മേൽപാലം
ഇരവിപുരം: കാവൽപുര മേൽപാലം നിർമാണം വൈകുന്നു. കാവൽപ്പുരയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി ഇവിടെ മേൽപാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എം. നൗഷാദ് എം.എൽ.എയുടെ ശ്രമഫലമായാണ് മേൽപാല നിർമാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനുമായും സർക്കാർ തുക അനുവദിപ്പിച്ചത്.
നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ കഴിഞ്ഞ ജനുവരി ആദ്യവാരത്തിൽതന്നെ ഇവിടെയുള്ള റെയിൽവെ ഗേറ്റ് അടച്ചിടുകയും ചെയ്തു. എന്നാൽ, പിന്നീട് നിർമാണ പ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിലാണ്. ഇതുസംബന്ധിച്ച പരാതിയെ തുടർന്ന് എം.എൽ.എ സ്ഥലം സന്ദർശിക്കുകയും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.
മാർച്ച് അവസാനം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താനും കരാറുകാരോട് ആവശ്യപ്പെട്ടു. എന്നാൽ, പാലത്തിന് ആവശ്യമായ തൂണുകൾ പൂർത്തിയായെങ്കിലും റെയിൽവേ ഗേറ്റിനോട് ചേർന്ന് തെക്കും വടക്കുംഭാഗങ്ങളിലുള്ള തൂണുകളുടെ നിർമാണം നടക്കേണ്ടതുണ്ട്.
ഇത് ഉടൻ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ആധുനിക രീതിയിലെ സ്റ്റീൽ മേൽപാലമാണ് ഇവിടെ നിർമിക്കുന്നത്. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി ഗേറ്റ് അടച്ചതോടെ ഇവിടത്തെ വ്യാപാരികളടക്കം കടുത്ത പ്രതിസന്ധിയിലാണ്. സാധനങ്ങൾ വാങ്ങാൻ ആരും എത്താത്ത അവസ്ഥയായതോടെ പല വ്യാപാരികളും കടകൾ അടച്ചിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

