കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ് പ്രക്ഷോഭം
text_fieldsകൊല്ലം: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും, അഴിമതിക്കും, ജനാധിപത്യവിരുദ്ധ നടപടികൾക്കുമെതിരെ പ്രതിഷേധ പരിപാടികൾ ആരംഭിക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് സമരപരിപാടി. തൊഴിലില്ലായ്മ, പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ചകൾ, വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം, സർവകലാശാലകളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് സമരം. കഴിഞ്ഞ 10 വർഷമായി പരീക്ഷാ സംവിധാനങ്ങളെ തകർത്തുകൊണ്ട് വിദ്യാർഥികളുടെ ഭാവി ബി.ജെ.പി സർക്കാർ പന്താടുകയാണെന്ന് വാർത്തസമ്മേളനത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
ദേശീയ തലത്തിലുള്ള പരീക്ഷകളിൽ ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ചകളും ക്രമക്കേടുകളും തെളിയിക്കുന്നത് പരീക്ഷാ നടത്തിപ്പ് ഏജൻസികളുടെ വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടുവെന്നാണ്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ അധ്വാനവും സ്വപ്നങ്ങളും തകർന്നടിയുമ്പോൾ കേന്ദ്ര സർക്കാർ കാഴ്ചക്കാരായി മാറുകയാണ്.അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി വിശ്വാസികൾ നൽകിയ സംഭാവനകളിൽ 200 കോടിയിലധികം രൂപയുടെ തട്ടിപ്പും ക്രമക്കേടും നടന്നെന്ന റിപ്പോർട്ടുകൾ അതിഗുരുതരമാണ്. രാമന്റെ പേരിൽ അധികാരം നേടിയവർ ഇന്ന് രാമന്റെ പേരിൽ സമാഹരിച്ച പണം പോലും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.അതോടൊപ്പം, ബി.ജെ.പി ഭരണകൂടത്തിന്റെ അഴിമതിയുടെ മറ്റൊരു മുഖമാണ് മധ്യപ്രദേശിൽ പുറത്തുവന്ന വൻ ഭൂമി കുംഭകോണം. മന്ത്രിയും കുടുംബാംഗങ്ങളും 168 ഏക്കറിലധികം ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന ആരോപണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ജനാധിപത്യത്തെയും ഭരണഘടനയെയും സാമൂഹികനീതിയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ് ശക്തമായി മുന്നോട്ടുപോകും.രാഹുൽ ഗാന്ധി മുന്നോട്ടുവെച്ച സമരാഹ്വാനം കൊല്ലം ജില്ലയിലും ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായി സംഘടിപ്പിക്കും. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ് ഖാൻ, ഡി.സി.സി വൈസ് പ്രസിഡന്റ് വിപിന ചന്ദ്രൻ, വിഷ്ണു സുനിൽ പന്തളം എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

