ചാത്തന്നൂരിൽ നിറഞ്ഞുനിന്ന പ്രതാപവർമ തമ്പാൻ
text_fieldsകോഴിക്കോട്ട് നടന്ന നവസങ്കൽപ് ചിന്തൻ ശിബിരത്തിൽ ജില്ല യു.ഡി.എഫ്
ചെയർമാൻ കെ.സി. രാജനും ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിനുമൊപ്പം ജി. പ്രതാപവർമ തമ്പാൻ (ഫയൽ ചിത്രം)
ചാത്തന്നൂർ: കമ്യൂണിസ്റ്റ് കോട്ട പിടിച്ചെടുക്കാനുള്ള നിയോഗം ഉജ്ജ്വല വിജയത്തിലൂടെ സാധ്യമാക്കിയ നേതാവാണ് ജി. പ്രതാപവർമ തമ്പാൻ.
2001ലാണ് സി.പി.ഐയുടെ പ്രമുഖനായ നേതാവിനെ പരാജയപ്പെടുത്തി കമ്യൂണിസ്റ്റ് കോട്ട എന്നറിയപ്പെടുന്ന ചാത്തന്നൂരിൽനിന്ന് അദ്ദേഹം നിയമസഭയിലെത്തിയത്. മണ്ഡലത്തിൽ നിറഞ്ഞുനിന്ന എം.എൽ.എയായിരുന്നു അദ്ദേഹം. 2006ൽ വീണ്ടും മത്സരിച്ചെങ്കിലും യു.ഡി.എഫിലെ കുതികാൽവെട്ട് മൂലം പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
എം.എൽ.എയായിരുന്ന കാലത്ത് നിരവധി വികസന പ്രവർത്തനങ്ങളായിരുന്നു മണ്ഡലത്തിൽ നടപ്പാക്കിയത്. പരവൂർ- മയ്യനാട് ജങ്കാർ സർവിസ് അദ്ദേഹത്തിന്‍റെ സ്വപ്ന പദ്ധതിയായിരുന്നു. ഇതിനായി എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കാക്കോട്ടു മൂലയിലും പരവൂർ യക്ഷി കടവിലും സംവിധാനങ്ങളൊരുക്കുകയും ജങ്കാറിന്‍റെ നിർമാണം പൂർത്തിയാക്കുകയും ചെയ്തെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പദ്ധതി നടപ്പാകാതെ പോയി. ജങ്കാർ കാക്കോട്ടു മൂലയിൽ കായലിൽ കിടന്നു നശിക്കുകയും ചെയ്തു.
ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമായിരുന്ന പദ്ധതിയായിരുന്നു ഇത്. മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും വൈദ്യുതി ലൈൻ എത്തിക്കുന്നതിനും, കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ദേവരാജൻ മാസ്റ്ററുടെ മൃതദേഹം പരവൂരിൽ എത്തിക്കുന്നതിന് മുൻകൈയെടുത്തതും അദ്ദേഹമായിരുന്നു. മണ്ഡലത്തിലെ ഓരോരുത്തർക്കും സുപരിചിതനായിരുന്നു പ്രതാപവർമ തമ്പാൻ. 2006ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്നു.