ഉമ്മന്നൂരിലെ കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ട് അപമാനം -സി.പി.എം
text_fieldsകൊല്ലം: ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലുണ്ടായ കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ട് അപമാനകരമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പി അംഗമുൾപ്പെടെ മൂന്ന് ബി.ജെ.പിക്കാരും വോട്ട് ചെയ്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ വിജയിപ്പിച്ചു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ജനവിധിയെ അട്ടിമറിച്ച് ഉമ്മന്നൂരില്‍ ഉണ്ടാക്കിയ സഖ്യം കോണ്‍ഗ്രസ്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന്റെ തനിനിറം കൂടുതല്‍ വ്യക്തമായി. പോരുവഴി പഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ കോണ്‍ഗ്രസ് പ്രസിഡന്റ് ഇപ്പോഴും തുടരുന്നു. ഫെബ്രുവരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി ഡിവിഷനില്‍ ബി.ജെ.പി വോട്ട് വിലയ്ക്ക് വാങ്ങിയാണ് യു.ഡി.എഫ് ജയിച്ചത്.
രാജ്യത്താകെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ ആര്.എസ്.എസ്- ബി.ജെ.പി, എസ്.ഡി.പി.ഐ ഉള്‍പ്പടെയുള്ളവരുമായി കൂട്ടുകെട്ടുണ്ടാക്കി തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം പങ്കിടുന്ന യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകളില്‍ പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊട്ടാരക്കര: ഉമ്മന്നൂർ പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി കോൺഗ്രസ് ഉണ്ടാക്കിയ അവിശുദ്ധസഖ്യം ലജ്ജാകരമെന്ന് സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ. ജോൺസൻ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിയും കോൺഗ്രസിനെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് ബി.ജെ.പിയുടെ രാഷ്ടീയ പാപ്പരത്തമാണ് തെളിയിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതെയാണ് ബി.ജെ.പി അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തത്. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ ബി.ജെ.പി-ആർ.എസ്.എസ് നടത്തുന്ന അതിക്രമങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിൽ കോൺഗ്രസ് ഉമ്മന്നൂരിൽ എടുത്ത ഇരട്ടത്താപ്പ് പ്രബുദ്ധ ജനത അവജ്ഞയോടെ തള്ളിക്കളയും.
കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നിർദേശപ്രകാരം കോൺഗ്രസ്-ബി.ജെ.പി ജില്ല നേതാക്കൾ ഉന്നത കോൺഗ്രസ് നേതാവിന്റെ വീട്ടിലിരുന്ന് ചർച്ച ചെയ്തെടുത്ത തീരുമാനമാണ് ഇതെന്നും സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജോൺസൻ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

