ജന്മദിനാഘോഷത്തിനിടയിൽ വാക്കുതർക്കം; മാരകായുധമായി ആക്രമിച്ച സംഘത്തിലെ ഒരാൾകൂടി പിടിയിൽ
text_fieldsരാജീവ്
കിളികൊല്ലൂർ: സുഹൃത്തിന്റെ അനുജന്റെ വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിനിടയിലുണ്ടായ വാക്കുതർക്കത്തിൽ മാരകായുധവുമായി ആക്രമിച്ച സംഘത്തിലെ ഒരാൾകൂടി പിടിയിലായി. കൊറ്റങ്കര പേരൂർ പുതുശ്ശേരിക്കുളത്തിന് സമീപം വയലിൽ പുത്തൻവീട്ടിൽ രാജീവ് (30) ആണ് പിടിയിലായത്.
സാബുവിന്റെ അനുജന്റെ മകന്റെ ജന്മദിനാഘോഷം നടക്കവേ പ്രതിയായ അനന്തു ആഘോഷത്തിൽ പങ്കെടുത്തവരുമായി തർക്കമുണ്ടായി. ശേഷം അവിടെനിന്ന് പറഞ്ഞുവിട്ടതിലുള്ള വൈരാഗ്യത്താൽ അനന്തു, രാജീവ്, നിധിൻ രാജ്, ജിതിൻ എന്നിവർ മാരകായുധങ്ങളുമായി എത്തി സാബുവിനെ ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. കിളികൊല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിക്കുകയും പ്രതികളായ അനന്തു, നിധിൻ രാജ്, ജിതിൻ, സുജിത് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രണ്ടാംപ്രതിയായ രാജീവ് മൊബൈൽ സ്വിച് ഓഫ് ചെയ്ത് ഒളിവിൽപോയി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ എൻ. ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുകേഷ്, ഹരികുമാർ, സി.പി.ഒമാരായ പ്രശാന്ത്, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

