എസ്.ഐ പരാതിക്കാരനെക്കൊണ്ട് യുവാവിനെ അടിപ്പിച്ചതായി പരാതി
text_fieldsകൊല്ലം: പ്രാക്കുളത്ത് യുവാക്കൾ തമ്മിൽ തല്ലിയ കേസിൽ മധ്യസ്ഥ ചർച്ചക്കിടെ എസ്.ഐ പരാതിക്കാരനെക്കൊണ്ട് എതിർകക്ഷിയുടെ മുഖത്തടിപ്പിച്ചതായി പരാതി. തുടർന്ന് എസ്.ഐ യുവാവിന്റെ കാലിലും നടുവിനും ബൂട്ടിട്ട് ചവിട്ടിയതായും പരാതിയുണ്ട്.
അഞ്ചാലുംമൂട് എസ്.ഐ ജയശങ്കർ, തൃക്കരുവ മാവഴികത്ത് പടിഞ്ഞാറ്റതിൽ സെബാസ്റ്റ്യനെ (19) പരാതിക്കാരനായ പ്രാക്കുളം സ്വദേശി രാഹുലി(19)നെ കൊണ്ട് അടിപ്പിച്ചു എന്നാണ് യുവാവിന്റെ ബന്ധുക്കൾ സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.
ഫുട്ബാൾ മത്സരത്തെ തുടർന്ന് യുവാക്കൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് സാമ്പ്രാണിക്കോടിയിലേക്ക് അഗ്നിശമനസേനയെത്തിയത് അന്വേഷിക്കാനായി പ്രാക്കുളത്തെത്തിയ സെബാസ്റ്റ്യനും രാഹുലും തമ്മിൽ തർക്കവും തല്ലുമുണ്ടായി.
ബുധനാഴ്ച രാവിലെ അഞ്ചാലുംമൂട് പൊലീസിൽ രാഹുൽ നൽകിയ പരാതിയിൽ പ്രശ്നപരിഹാരത്തിനെന്ന് പറഞ്ഞ് ഇരുവരെയും വിളിച്ചുവരുത്തി. എസ്.ഐയുടെ മുറിയിൽവെച്ച് രാഹുലിനോട് സെബാസ്റ്റ്യനെ മുഖത്തടിക്കാൻ എസ്.ഐ ജയശങ്കർ പറയുകയും അടിക്കാതിരുന്നതോടെ ആവർത്തിച്ചാവശ്യപ്പെടുകയും യുവാവ് അടിക്കുകയും ചെയ്തു.
രാഹുലിന്റെ പരാതിയിൽ കേസെടുത്തില്ലെങ്കിലും സെബാസ്റ്റ്യനെ വിട്ടയക്കാതെ എസ്.ഐ മർദിക്കുകയും തുടർന്ന് പൊതുപ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് വിടുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സെബാസ്റ്റ്യന്റെ പരാതിയിൽ എസ്.ഐ ജയശങ്കറിനും രാഹുലിനുമെതിരെ കേസെടുത്തു. സ്പെഷൽ ബ്രാഞ്ച് എ.സി.പി സക്കറിയ അഞ്ചാലുംമൂട് സ്റ്റേഷനിലെത്തി യുവാക്കളിൽ നിന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
യുവാക്കളോട് വ്യാഴാഴ്ച രാവിലെ എ.സി.പി ഓഫിസിലെത്താൻ നിർദേശിച്ചു. എന്നാൽ, എസ്.ഐ പറഞ്ഞതനുസരിച്ചാണ് രാഹുൽ തന്നെ അടിച്ചതെന്ന വാചകം തന്റെ മൊഴി വായിച്ചുകേൾപ്പിച്ചപ്പോൾ ഇല്ലായിരുന്നുവെന്നും ഇത് എസ്.ഐയെ രക്ഷിക്കാനുള്ള ശ്രമമാണെന്നും സെബാസ്റ്റ്യൻ ആരോപിച്ചു. ഇത്തരം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അഞ്ചാലുംമൂട് പൊലീസിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

