മത്സ്യബന്ധനത്തിനുപോയ ബോട്ടുകളെ തമിഴ്നാട് പരിധിയിൽ ആക്രമിച്ചതായി പരാതി
text_fieldsകുളച്ചല്‍ തീരത്ത് അക്രമണം നേരിട്ട ശക്തികുളങ്ങരയില്നിന്നുള്ള മത്സ്യത്തൊഴിലാളികളെ ശക്തികുളങ്ങര ഹാര്‍ബറില്‍ എത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി ബോട്ടില്‍നിന്ന് ഇറങ്ങാന്‍ കോസ്റ്റല്‍ പൊലീസും സഹപ്രവര്‍ത്തകരും സഹായിക്കുന്നു
കൊല്ലം: കേരള തീരത്തുനിന്നും മത്സ്യബന്ധനത്തിന് കടലിൽപോയ ബോട്ടുകളെയും മത്സ്യത്തൊഴിലാളികളെയും തമിനാട് പരിധിയിൽ ആക്രമിച്ചതായി പരാതി. ഏഴുദിവസം മുമ്പ് ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിനുപോയ ബോട്ടുകൾ തമിഴ്നാട് പരിധിയിൽ കടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ് ആക്രമിച്ചതെന്ന് തിരികെയെത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ നാലുപേരെ ജില്ല ആശുപത്രിയിൽ പ്രവേശിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഒമ്പത് ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോയതിൽ ആറെണ്ണത്തിന് നേരെ ആക്രമം ഉണ്ടായെന്നും തിരികെയെത്തിയവർ പറഞ്ഞു. സെന്റ് പോൾ വൺ ബോട്ടിലെ തമിഴ്നാട് വാണിക്കൂടി സ്വദേശികളായ എഡ്വിൻകുമാർ (49), ശേഖർ (21), ആഷിക്ക് (21) എന്നിവരെയും ഹേമന്ദം ബോട്ടിലെ വെസ്റ്റ് ബംഗാൾ സ്വദേശി ഹരി (46)യെയുമാണ് പരിക്കേറ്റ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് ഉൾക്കടലിൽ വെച്ചായിരുന്നു സംഭവം. കേരളത്തിൽനിന്ന് 124 നോട്ടിക്കൽ മൈൽ അകലെയും കുളച്ചിൽ ഭാഗത്ത് നിന്ന് 61 നോട്ടിക്കൽ മൈൽ അകലെയുള്ള ആഴക്കടലിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം അനുവദിക്കില്ലെന്ന് പറഞ്ഞാണ് നാൽപതോളം ബോട്ടുകളിലെത്തിയവർ കേരളത്തിൽനിന്നുള്ള ബോട്ടുകളിൽ ഇടിപ്പിച്ച് ആക്രമണം നടത്തിയതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തുടർന്ന് ബോട്ടുകളിൽ കയറിയ തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ പൈപ്പുകൾ ഉപയോഗിച്ചു ബോട്ട് തല്ലിത്തകർക്കുകയും തകർന്ന ചില്ലുകൾ ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളെ ആക്രമിക്കുകയും ചെയ്തു.
ഓരോ ബോട്ടിലും 25ഓളം ആളുകൾ ഉണ്ടായിരുന്നുവെന്നും ഐസ് പൊട്ടിക്കുന്ന കമ്പിയും മത്സ്യം കോരിമാറ്റുന്നതിന് ഉപയോഗിക്കുന്ന ശവ്വലും ഉപയോഗിച്ചാണ് ആക്രമിച്ചത്. ആകെ 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും എല്ലാ ബോട്ടുകളിൽ നിന്നും രണ്ടുലക്ഷത്തോളം വിലവരുന്ന മത്സ്യം നശിപ്പിച്ചതായും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മൂന്ന് ബോട്ടുകൾ ആക്രമണം നേരിടാതെ രക്ഷപ്പെട്ടു. ഏഴുദിവസം മുമ്പ് ശക്തികുളങ്ങരയിൽ നിന്നും പോയ ഓൾ ഇന്ത്യ പെർമിറ്റ് ഉള്ള ബോട്ടുകളെയാണ് തമിനാട്ടിൽ നിന്നുള്ളവർ ആക്രമിച്ചതെന്നും മുമ്പും ഇത്തരം രീതിയിൽ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

