പന്തുകളി വിലക്കിയതിന് വയോധികയെ മര്‍ദിച്ചതായി പരാതി
text_fieldsകുന്നിക്കോട്: പന്തുകളി വിലക്കിയതിനെ തുടര്‍ന്ന് വയോധികയായ വീട്ടമ്മയെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. കുന്നിക്കോട് കോക്കാട് കോട്ടപറമ്പില്‍ വീട്ടില്‍ ആനന്ദവല്ലി (73) ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ കോക്കാട് ഗ്രൗണ്ടിന് സമീപമായിരുന്നു സംഭവം.
ആനന്ദവല്ലിയും മകനും മാത്രമാണ് വീട്ടിലുള്ളത്. പലതവണ പന്ത് കൊണ്ട് ജനല്‍ ചില്ലുകളും ഗൃഹോപകരണങ്ങളും നശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സമീപ വീട്ടുകാര്‍ നിരവധി തവണ പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഉണ്ടായില്ല. കഴിഞ്ഞ ദിവസം പന്ത് കളിക്കാന്‍ വന്നവരെ ആനന്ദവല്ലിയും മകന് സാജനും ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവാക്കള്‍ ഇരുവരെയും മര്‍ദിച്ചത്. വയോധികയെ അടിച്ചവശയാക്കുകയും അസഭ്യം പറയുകയും ചെയ്തതായി കുന്നിക്കോട് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പ്രദേശവാസികള്‍ ആനന്ദവല്ലിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുന്നിക്കോട് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.