അഞ്ചലിൽ റോഡിൽനിന്ന് മരങ്ങൾ മുറിച്ച് മാറ്റിയതായി പരാതി
text_fieldsഏരൂർ ഭരതന്നൂരിൽ റോഡരികിൽ വീടിന് ഭീഷണിയായിനിന്ന മരം മുറിച്ചു മാറ്റിയനിലയിൽ
അഞ്ചൽ: അപകട ഭീഷണിയിലായ മരങ്ങൾ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ മുറിച്ചുമാറ്റിയതായി പരാതി. ഏരൂർ ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ജോജു വിൽസണെതിരെയാണ് സി.പി.ഐ ആയിരനല്ലൂർ ലോക്കൽ കമ്മിറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിലും പരാതി നൽകിയത്.
ഏരൂർ ഗ്രാമപഞ്ചായത്തിലെ അയിലറ, ഇരണൂർ കരിക്കം, മണലിപ്പച്ച പി.ഡബ്ല്യു.ഡി റോഡരികിൽ ഭരതന്നൂർ, ഇരണൂർ കരിക്കം, പറങ്കിമാം മുകൾ എന്നീ ജങ്ഷനുകളിലും അംഗൻവാടി വളപ്പിലും നിന്ന ബദാം, ഇലവ് മുതലായ മരങ്ങൾ ഗ്രാമപഞ്ചായത്തംഗം ജോജു വിൽസൺ മുറിച്ച് വിറ്റുവെന്നാണ് പരാതി. ഗ്രാമപഞ്ചായത്തംഗത്തിനെതിരെ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പൊതുമരാമത്ത് വകുപ്പ് അഞ്ചൽ അസി.എൻജിനീയർക്ക് കത്ത് നൽകി.
എന്നാൽ, തനിക്കെതിരെ എൽ.ഡി.എഫ് നടത്തുന്ന സങ്കുചിത രാഷ്ട്രീയവും അപവാദ പ്രചാരണവും യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും ഗ്രാമപഞ്ചായത്തംഗം ജോജു വിൽസൺ പറഞ്ഞു.
അണവാടിക്കും നാട്ടുകാർക്കും ഭീഷണിയായി റോഡരികിൽ വളർന്നുനിന്നിരുന്ന പാഴ്മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ഗ്രാമസഭയിലും തന്നോടും ആവശ്യപ്പെട്ടിരുന്നു. അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാൻ ആവശ്യപ്പെട്ട് താൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, പ്രതികൂലമായ കാലാവസ്ഥയിൽ മരങ്ങൾ ഭീഷണിയായേക്കുമെന്നു കണ്ടതിനാലാണ് തന്റെ നിർദേശപ്രകാരം നാട്ടുകാർ മരങ്ങൾ മുറിച്ചത്. മുറിച്ചിട്ട മരങ്ങൾ ഇടകണ്ടിച്ച് സ്ഥലത്തുതന്നെ ഇട്ടിരിക്കുകയാണ്. മരങ്ങൾ മുറിച്ചത് സംബന്ധിച്ച പരാതി ഏരൂർ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടവരുമായി ചർച്ചനടത്തി ഒത്തുതീർപ്പാക്കിയിട്ടുള്ളതാണെന്നും ജോജു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

