ശാന്തിനഗറിലെ ഓടയിൽ മാലിന്യം തള്ളുന്നതായി പരാതി
text_fieldsചിന്നക്കട ആശ്രാമം റോഡിനോട് ചേർന്നുള്ള ശാന്തിനഗറിലെ ഓടയിൽ മാലിന്യം തള്ളിയനിലയിൽ
കൊല്ലം: ചിന്നക്കട ആശ്രാമം റോഡിനോട് ചേർന്നുള്ള ശാന്തിനഗറിലെ ഓടയിൽ മാലിന്യം തള്ളുന്നതായി പരാതി. എല്ലാ ദിവസവും രാത്രി 10 നും പുലർച്ച അഞ്ചിനുമിടെ ആറേഴ് ടാങ്കർ ലോറികളിൽ ലോഡ് കണക്കിന് കക്കൂസ് മാലിന്യവും ആശുപത്രിമാലിന്യവും ശാന്തിനഗറിലെ ഓടയിൽ ഒഴിക്കുന്നതായാണ് പരാതി.
അഷ്ടമുടി കായലിന് തൊട്ടടുത്തുള്ള ഓടയായതിനാൽ മാലിന്യം നേരെ ഒഴുകി കായലിലേക്ക് ചേരുകയാണ്. ഇതിന് നേതൃത്വം നൽകുന്നത് ഗുണ്ടകളായതിനാൽ പ്രദേശവാസികൾക്ക് ഇതിനെതിരെ പ്രതികരിക്കാനും ഭയമാണ്. ദുർഗന്ധം കാരണം പ്രദേശവാസികൾക്ക് വീട്ടിൽ കിടന്നുറങ്ങാനോ പകൽപോലും റോഡിൽ കൂടി മൂക്കുപൊത്താതെ നടക്കാനോ സാധിക്കുന്നില്ല.
കലക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. മാലിന്യവാഹനമെത്തുമ്പോൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചാൽ അവർ വന്നിട്ട് പോകുമെന്നല്ലാതെ തുടർനടപടികളുണ്ടാകാറില്ല. രണ്ടുമാസം മുമ്പാണ് പൊലീസിനെ കണ്ട് വേഗത്തിൽ പാഞ്ഞ ടാങ്കർ ഇലക്ട്രിക് പോസ്റ്റും വീടിന്റെ മതിലും ഇടിച്ചിട്ടത്. നഗരത്തിന്റെ പ്രധാന ഭാഗത്തുനടക്കുന്ന അനീതി കണ്ടിട്ടും കാണാത്തമട്ടിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

