പൊളിഞ്ഞു നിൽപ്പാണ് കൊല്ലത്തും കെട്ടിടങ്ങൾ
text_fields1)കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കെട്ടിടത്തിന്റെ മുകൾവശം ഇടിഞ്ഞനിലയിൽ, 2) കൊല്ലം കലക്ടറേറ്റിന്റെ കിഴക്കേ കവാടത്തിന് സമീപം സൺഷെയ്ഡ് പ്ലാസ്റ്റർ തകർന്നനിലയിൽ
കൊല്ലത്തിനുമുണ്ട് പറയാനേറെ. നിലംപൊത്താറായ നിരവധി കെട്ടിടങ്ങൾ പൊതു സ്വകാര്യ ഉടമസ്ഥതയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങളുടെ ഊഴവും കാത്തുനിൽപ്പാണ്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ കെട്ടിടങ്ങളാണ് ഇവയിലധികവും.
ഭീതിയുടെ നടുവിൽ കെ.എസ്.ആർ.ടി.സി
കൊല്ലം: വർഷങ്ങളായി കൊല്ലംകാർ കേട്ട് തഴമ്പിച്ചതാണ് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വികസനം. എന്നാലിപ്പോഴും ഫാനിട്ടാൽ പേടിക്കേണ്ട അവസ്ഥയിലാണ് നഗരത്തിന്റെ നടുവിലെ കെ.എസ്.ആർ.ടി.സി കെട്ടിടമെന്ന് ജീവനക്കാർ പറയുന്നു. ജീവനക്കാരും കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാരുമടക്കം അമ്പതോളം പേർ കെട്ടിടത്തിനകത്ത് ജോലിചെയ്യുന്നുണ്ട്. അന്തർ സംസ്ഥാന സർവിസുകളടക്കം 80ലേറെ ബസ് സർവിസുകളാണ് കൊല്ലം ഡിപ്പോയിൽ നിന്നുള്ളത്. കൂടാതെ ഇവിടെയെത്തുന്ന യാത്രക്കാരും നിരവധിയാണ്.
എപ്പോഴാണ് കോൺഗ്രീറ്റ് പാളികൾ അടർന്നുവീഴുന്നതെന്ന് അറിയില്ല. ഭിത്തികൾ മിക്കതും വിണ്ടുകീറി, കതകുകളും ജനലുകളും ഇളകി തകർന്ന നിലയിലാണ്. പലയിടങ്ങളിലും കോൺക്രീറ്റ് തകർന്നു തുരുമ്പിച്ചു ദ്രവിച്ച കമ്പികൾ വരെ പുറത്തുകാണാം. കെട്ടിടത്തിന്റെ പല ഭാഗത്തും ചോർച്ചയുണ്ട്. പുറത്തെ പല ഭാഗത്തും കോൺക്രീറ്റ് സ്ലാബുകൾ പൊട്ടിക്കിടക്കുന്നതും കാണാം. ഇതിലെ കമ്പികളും അപകടമുണ്ടാക്കാം. തൂണുകളും ദ്രവിച്ചു കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ വിശ്രമമുറിയുടെയും മറ്റു മുറികളുടെയുമെല്ലാം അവസ്ഥ തീർത്തും പരിതാപകരമാണ്.
കെ.എസ്.ആർ.ടി.സി ഓഫിസും ഡിപ്പോയും താലൂക്ക് ഓഫിസ് ജങ്ഷനിലേക്ക് മാറ്റുന്നതിനു പദ്ധതി തയാറാക്കിയിരുന്നു. നേരത്തെ തയാറാക്കിയ പദ്ധതി മാറ്റിവെച്ചാണ് പുതിയ പദ്ധതി. ഓഫിസ്, ഡിപ്പോ, ഗാരേജ് ഉൾപ്പെടെ മുഴുവൻ സംവിധാനവും താലൂക്ക് ഓഫിസ് ജങ്ഷനിൽ നിലവിൽ ഗാരേജ് പ്രവർത്തിക്കുന്ന സ്ഥലത്തേക്കുമാറ്റാനാണ് അവസാനമായി പദ്ധതി തയാറാക്കിയിരിക്കുന്നത്. എന്നാൽ, ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി.
ചികിത്സ വേണ്ടത് ആശുപത്രിക്ക്
കൊല്ലം ജില്ല ആശുപത്രി ഗുരുതര ദുരവസ്ഥയിൽ. ആശുപത്രിയുടെ പല കെട്ടിടഭാഗങ്ങളിലും കോൺക്രീറ്റ് പാളികൾ അടർന്നു വീഴാനുള്ള സാധ്യതയുമായി കമ്പികൾ പുറത്തേക്ക് തെളിഞ്ഞ നിലയിലാണ്. ദിവസവും 2000 ഓളം ആളുകൾ ചികത്സ തേടിയെത്തുന്ന ജില്ലയിലെ പ്രധാന ആശുപത്രിക്കാണ് ഈ ദുരവസ്ഥ. രോഗികളും കൂട്ടിരുപ്പുകാരും ജീവൻ പണയം വെച്ചാണ് ഇവിടെ നിൽക്കുന്നത്.
ഫാർമസിയിലേക്കുള്ള പ്രവേശന ഭാഗം, ഓർത്തോ ഔട്ട്പേഷ്യന്റ് വിഭാഗം, എം.എസ് വാർഡ്, വിവിധ ഇടനാഴികൾ എന്നിവ ഏതുനിമിഷവും അടർന്നു വീഴാൻ പാകത്തിലാണുള്ളത്. അപകടഭീഷണി ഉയർന്നിട്ടും സുരക്ഷ ഒരുക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ആക്ഷേപം. ലിഫ്റ്റ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങളാകുന്നു. ടെക്നിക്കൽ കാരണങ്ങളാണ് അധികൃതർ നൽകുന്ന വിശദീകരണം.
ശാപമോക്ഷം കാത്ത് ഗസ്റ്റ് ഹൗസ്
പുനരുദ്ധാരണം കാത്ത് കഴിയുകയാണ് കൊല്ലം ആശ്രാമത്തുള്ള സർക്കാർ ഗസ്റ്റ് ഹൗസ്. കൊല്ലത്തിന്റെ പൈതൃക സമ്പത്തിൽ പ്രധാനപ്പെട്ടതായ 200 വർഷത്തിലേറെ പഴക്കമുള്ള ഗസ്റ്റ് ഹൗസ് പുനരുദ്ധാരണം കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. അഷ്ടമുടിക്കായലിന്റെ തീരത്ത് ആശ്രാമം മൈതാനത്തിന് സമീപമുള്ളഗസ്റ്റ് ഹൗസ് തിരുവിതാംകൂർ രാജഭരണകാലത്ത് നിർമിച്ചതാണ്. പിന്നീട് ബ്രിട്ടീഷ ഭരണകാലത്ത് മൺറോ സായിപ്പിന്റെ റെസിഡൻസിയായിരുന്നു ഈ കെട്ടിടം. ചെങ്കല്ലും സുർക്കി മിശ്രിതവും ചേർത്ത് നിർമിച്ച കെട്ടിടം ബലക്ഷയം നേരിടുന്നതിനാൽ 2020 മുതൽ അടച്ചിട്ടിരിക്കുയാണ്. 2021ൽ പുനരുദ്ധാരണത്തിന്റെ ഒന്നാം ഘട്ടമായി ചോർച്ച തടയുന്നതിനായി പുതിയ ഓടുകൾ മേയുകയും ചെയ്തിരുന്നു.
തകർച്ചയിൽ ഭരണസിരാകേന്ദ്രം
ജില്ലയുടെ ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിൽ ആയിരങ്ങളാണ് ഓരോ ദിവസവും വന്നെത്തുന്നത്. വരുമ്പോൾ കലക്ടറേറ്റ് കിഴക്ക് ഭാഗത്തെ കവാടത്തിനോരത്തെ നടപ്പാതവഴിയാണ് വരുന്നതെങ്കിൽ ഒന്നു ശ്രദ്ധിക്കണം, എപ്പോഴാണ് സിമന്റ് പാളികൾ ഇളകിതലയിൽ വീഴുന്നതെന്ന് പറയാനാകില്ല.
തണൽ പറ്റി നടക്കാതെ കുറച്ചൊന്നു മാറി നടന്നാൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് ദ്രവിച്ചുവീഴുന്നതിൽ നിന്ന് മാത്രമല്ല, ശുചിമുറി വെള്ളം തലയിൽ വീഴുന്നതിൽ നിന്നും രക്ഷപ്പെടാം. നിരവധി ആളുകൾ ഉപയോഗിക്കുന്ന കിഴക്കേ ഗേറ്റിന് തൊട്ടുമുകളിലായി പലപ്പോഴായി കോൺക്രീറ്റ് ഇളകി വീണതിന്റെ ബാക്കി ഇരുമ്പുകമ്പികൾ കാണാം. വർഷങ്ങളായി ഈ സ്ഥിതി തുടർന്നിട്ടും യാതൊരു വിധ അറ്റകുറ്റപണിയും നടത്താൻ അധികൃതർ തയാറായിട്ടില്ല. ഏതാനും ആഴ്ച മുമ്പും കോൺക്രീറ്റ് വഴിയിലേക്ക് ഇളകിവീണത് സ്ത്രീയുടെ തലയിൽ പതിക്കാതെ തലനാരിഴക്കാണ് മാറിപ്പോയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ചുമരിൽ ആൽമരം വളർത്തി ‘തണൽ ഒരുക്കാനുള്ള’ പദ്ധതിയും പുരോഗമിക്കുകയാണ്.
രണ്ടാം നിലയിലെ ശുചിമുറിയിൽ നിന്നുള്ള വെള്ളം പൊട്ടിയൊഴുകി ആളുകൾ നടന്നുപോകുന്ന സ്ഥലത്ത് തന്നെയാണ് പതിക്കുന്നത്. മാസങ്ങളായി തുടരുന്ന ഈ പ്രശ്നവും സമീപത്തെ കച്ചവടക്കാർ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചിട്ടും ഇതുവരെ മാറ്റമില്ലാതെ ഒഴുകുകയാണ്. സിവിൽ സ്റ്റേഷൻ മുഴുവൻ ചുറ്റി സഞ്ചരിച്ചാൽ ഇത്തരത്തിൽ അനാസ്ഥയുടെ അടയാളങ്ങൾ തകർച്ചയുടെ രൂപത്തിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

