കൈപൊള്ളിച്ച് വെളിച്ചെണ്ണ വില തിളക്കുന്നു
text_fieldsകൊല്ലം: അടുക്കളയെ പ്രതിസന്ധിയിലാക്കി വെളിച്ചെണ്ണ വില കുത്തനെ ഉയരുന്നു. ഒരുമാസത്തിനിടെ പൊതുവിപണിയിൽ കേര വെളിച്ചെണ്ണയുടെ വില 50 രൂപയോളമാണ് വർധിച്ചത്. ചില്ലറവിപണിയിൽ കിലോക്ക് 273 മുതൽ 275 രൂപവരെയാണ് മൊത്തവിപണി വില. എന്നാൽ, ഒരു ലിറ്ററിന്റെ പാക്കറ്റ് വെളിച്ചെണ്ണക്ക് 245-247 രൂപ നൽകണം. പല ബ്രാൻഡുകൾക്കും പല വിലയായതിനാൽ ചില്ലറവിപണിയിൽ 300 രൂപ വരെ വാങ്ങുന്നവരുമുണ്ട്.
സംസ്ഥാനത്തെ നാളികേര കർഷകരുടെ സഹകരണ സംഘങ്ങളുടെ ഫെഡറേഷനായ കേര ഫെഡിന്റെ വെളിച്ചെണ്ണക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ വില. ലിറ്ററിന് 350 രൂപയാണ് വിപണിയിലെ വില. ഇതിനുമുമ്പ് 2018ലാണ് വെളിച്ചെണ്ണക്ക് വലിയ രീതിയിൽ വില ഉയർന്നത്. കൊപ്ര ഉൽപാദനം കുറഞ്ഞതാണ് വിലക്കയറ്റ കാരണമെന്ന് വ്യാപാരികൾ പറയുന്നു. മൺസൂണിൽ മഴ കുറഞ്ഞത് തമിഴ്നാട്ടിലും കർണാടകയിലും തേങ്ങ ഉൽപാദനത്തെ ബാധിച്ചിരുന്നു. വിവിധ കാരണങ്ങളാൽ കേരളത്തിലും ഉൽപാദനം വലിയതോതിൽ ഇടിഞ്ഞു.
മൊത്തവിപണിയിൽ ജില്ലയിൽ തേങ്ങ കിലോക്ക് 62-64 രൂപവരെയാണ് വില. ചില്ലറവിപണിയിൽ 70 മുതൽ 80 രൂപവരെയുമാണ്. നാടൻതേങ്ങയാണ് വിപണി വിലയിൽ മുന്നിൽ. ഒരുകിലോ നാടൻതേങ്ങക്ക് 80 രൂപയോളമാണ് വില. വിലവർധിച്ചതോടെ തേങ്ങയരച്ച കറിയും വെളിച്ചെണ്ണ വിഭവങ്ങളും അടുക്കളയില്‍നിന്ന് പുറത്താകുകയാണ്.
വെളിച്ചെണ്ണക്ക് പകരമെത്തിയ പാമോയിലിന്റെ ചില്ലറവിപണി വില 140 മുതൽ 160 രൂപ വരെയാണ്. മലയാളിക്ക് കറികളുടെ ചേരുവകളിൽ ഒഴിച്ചുകൂടാനാവാത്ത വെളിച്ചെണ്ണയുടെ വില ബജറ്റിനെ താളംതെറ്റിക്കുന്നതിനാൽ വീട്ടമ്മമാർ പാമോയിലിലേക്ക് മാറിയിട്ടുണ്ട്. ഇതേ കാരണത്താൽ ഹോട്ടലുകളിലും മറ്റും വെളിച്ചെണ്ണ ഉപയോഗം പാടേ കുറഞ്ഞിട്ടുണ്ട്.
ചിപ്സ്, ചെറുകടികൾ നിർമാണമെല്ലാം പാമോയിലിലേക്ക് മാറിയിട്ടുണ്ട്. തേങ്ങയും വെളിച്ചെണ്ണയും വേണ്ടാത്ത സാമ്പാര്പോലുള്ള കറികളിലേക്ക് ഏറെപ്പേരും മാറുകയാണ്. ഉപയോഗം കുറച്ചെങ്കിലും പൂർണമായി ഒഴിവാക്കാനായിട്ടില്ലെന്ന് അടുക്കള നിയന്ത്രിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിലെ പൊള്ളാച്ചി, നാഗര്‍കോവില്‍, കന്യാകുമാരി, മധുര എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് അധികവും തേങ്ങ എത്തുന്നത്.
ആവശ്യം കൂടിയതോടെ തമിഴ്നാട്ടിലും തേങ്ങ വില 60 കടന്നു. ഒരു വർഷത്തോളമായി ഉയര്‍ന്ന തേങ്ങ വില പിന്നീട് കാര്യമായി താഴ്ന്നിട്ടില്ല.
നാളികേരത്തിന്റെ ഏറ്റവും പ്രധാന ഉൽപാദന സീസണ് ജനുവരി മുതല്‍ മേയ് വരെയാണ്. ഈ സമയത്തും വില ഉയര്‍ന്നുനില്‍ക്കാൻ കാരണം കാര്യമായ രീതിയിൽ ഉൽപാദനം കുറഞ്ഞതാണെന്നും മഴക്കാലമായാൽ വില ഇനിയും ഉയരാനാണ് സാധ്യതയെന്നും വ്യാപാരികൾ പറയുന്നു.
വെളിച്ചെണ്ണ വില കുതിച്ചുയർന്നതോടെ വിപണിയിൽ വ്യാജന്മാർ സജീവമാകുന്നതായാണ് പരാതി. പിണ്ണാക്ക് ഇറക്കുമതി ചെയ്ത് ഇതിൽനിന്ന് എണ്ണയെടുത്തുള്ള വിൽപനയാണ് ഇപ്പോൾ സജീവം. വില ഉയർന്നുനിൽക്കുന്നതിനാൽ കൊള്ളലാഭം ലക്ഷ്യമിട്ടാണ് തട്ടിപ്പ്.
വ്യവസായിക ആവശ്യത്തിന് മാത്രം ഉപയോഗിക്കാവുന്ന ഇത്തരം എണ്ണ വിപണിയിലെത്തുന്നത് ആരോഗ്യപ്രശ്നത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. വെളിച്ചെണ്ണയിൽ മറ്റ് എണ്ണകൾ ചേർത്ത് വിപണിയിൽ വിറ്റഴിക്കുന്ന സംഘവും പ്രവർത്തിക്കുന്നുണ്ട്. മായംചേര്‍ത്ത ബ്രാന്‍ഡുകള്‍ ഭക്ഷ്യസുരക്ഷവകുപ്പ് സാമ്പിള്‍ പരിശോധനയിലൂടെ കണ്ടെത്തി നിരോധിക്കാറുണ്ട്.
ബ്രാന്‍ഡും പേരുംമാറ്റി ഇവ വീണ്ടും വിപണിയിലെത്തും. വെളിച്ചെണ്ണയുടെ വിലയും ഉൽപാദനച്ചെലവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും ഇതിന് കാരണം മായം ചേർക്കലാണെന്നുമാണ് കച്ചവടക്കാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

