യുവമോർച്ച പ്രവർത്തകരുമായി സംഘർഷം: അഞ്ച് യുവാക്കൾ റിമാൻഡിൽ
text_fieldsകൊല്ലം: ചിന്നക്കടയിൽ കഴിഞ്ഞദിവസം അർധരാത്രിയിലുണ്ടായ സംഘർഷത്തിൽ യുവമോർച്ച പ്രവർത്തകരെ മർദിച്ച കേസിൽ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവാക്കളുടെ പരാതിയിൽ യുവമോർച്ച പ്രവർത്തകർക്കെതിരെയും കേസെടുത്തു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റ കേസിലാണ് അറസ്റ്റ്.
ഡി.വൈ.എഫ്.ഐ പ്രാദേശികനേതാവായ അജിത്ത്(37), ചിന്നക്കട സ്വദേശികളായ ഷാൻ(35), ബിജോ(34), റോഷൻ(26), മാക്സൻ(38) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 11.30ഓടെ ചിന്നക്കട ജങ്ഷന് സമീപമാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. ആക്രമണത്തിനുപിന്നിൽ രാഷ്ട്രീയവിരോധമാണെന്ന് യുവമോർച്ച ആരോപിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയമില്ലെന്നാണ് പൊലീസ് വിശദീകരണം.
ബി.ജെ.പിയുടെ കേരള പദയാത്രക്ക് മുന്നോടിയായി ചിന്നക്കടയിൽ ഒരുക്കങ്ങൾ നടത്തുകയായിരുന്നു യുവമോർച്ചക്കാർ. പ്രദേശവാസിയായ യുവാവിന്റെ പിതാവിന്റെ ചരമവാർഷികചടങ്ങുമായി ബന്ധപ്പെട്ട് ഒത്തുകൂടിയ യുവാക്കളിൽ ചിലർ ഇതുവഴി വരുകയും യുവമോർച്ചക്കാരുമായി വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ യുവാക്കൾ സ്ഥലത്തെത്തി സംഘർഷം മൂർച്ഛിക്കുകയായിരുന്നു.

