കൊല്ലം സിറ്റി പൊലീസ് സ്പെഷൽ ഡ്രൈവ്: ആഗസ്റ്റിൽ പിടിയിലായത് 1524 പേർ
text_fieldsകൊല്ലം: സിറ്റി പൊലീസിന്‍റെ സ്പെഷൽ ഡ്രൈവിൽ ആഗസ്റ്റിൽ ചെറുതും വലുതുമായ കേസുകളിൽ അറസ്റ്റ് ചെയ്തത് 1524ഓളം പേരെ.സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്‍റെ നിർദേശാനുസരണം കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എ.സി.പിമാരുടെ നേതൃത്വത്തിൽ എല്ലാ പൊലീസ് ഇൻസ്പെക്ടർമാരെയും, പൊലീസ് സ്റ്റേഷനുകളിലെയും, സിറ്റിയിലെ സ്പെഷൽ യൂനിറ്റുകളിലെയും പരമാവധി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു നടന്ന സ്പെഷൽ ഡ്രൈവിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ പിടിയിലായി.
നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശം വെച്ചതിന് 18 കേസുകളും, എൻ.ഡി.പി.എസ് ആക്ട് പ്രകാരം 34 കേസുകളും, അബ്കാരി ആക്ട് പ്രകാരം 155 കേസുകളും രജിസ്റ്റർ ചെയ്തു.കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി കലക്ടർ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര കിളികൊല്ലൂർ സ്റ്റേഷൻ പരിധിയിൽനിന്നും ഒരാളെ വീതം കരുതൽ തടങ്കലിലാക്കി.
സിറ്റി പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനി കൊല്ലം ഈസ്റ്റ്, പരവൂർ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ഒരാളെ വീതവും ശക്തികുളങ്ങര സ്റ്റേഷൻ പരിധിയിൽനിന്നും രണ്ടു പേർക്കെതിരെയും ആറു മാസത്തേക്ക് സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി.
കോടതിയിൽ ഹാജരാകാതെ ദീർഘകാലമായി മുങ്ങി നടന്നിരുന്ന 55ഓളം പ്രതികളെ പിടികൂടുകയും ചെയ്തു.കൂടാതെ, കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിൽ സ്ഥിരം കുറ്റവാളികളായ നാലു പേർക്കെതിരെ കൂടുതൽ കുറ്റകൃത്യങ്ങളിൽ പെടാതിരിക്കുവാനുള്ള മുൻ കരുതലായി ബോണ്ട് ഉൾപ്പടെ നടപടികൾ സ്വീകരിച്ചു.
ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ഇരവിപുരം, കണ്ണനല്ലൂർ പൊലീസ് ഒരോത്തരുത്തരെ വീതം ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.സാമൂഹികവിരുദ്ധരെ അമർച്ച ചെയ്യുന്നതിന്‍റെ ഭാഗമായി വരും ദിവസങ്ങളിലും ഇതുപോലെയുള്ള കർശന പരിശോധന തുടരുമെന്നും സിറ്റി പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

