ലഹരി വേട്ട തുടർന്ന് സിറ്റി പൊലീസ്; ഈ വർഷം 461 കേസുകൾ
text_fieldsകൊല്ലം: ലഹരിക്കെതിരെ വ്യാപക നടപടിയുമായി കൊല്ലം സിറ്റി പൊലീസ്. ഈ വർഷം ഇതുവരെ സിറ്റി പരിധിയിൽ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 334 കേസുകളും ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട് 127 എൻ.ഡി.പി.എസ് കേസുകളും ഉൾപ്പെടെ 461 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ സിന്തറ്റിക് മയക്കുമരുന്നുകൾ അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തിച്ച് വിതരണം നടത്താൻ ശ്രമിച്ച കുറ്റത്തിന് 24 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആകെ 474 പ്രതികളാണ് ഈ വർഷം മാത്രം സിറ്റി പൊലീസ് നടത്തിയ ലഹരി വേട്ടയിൽ പിടിയിലായത്. സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ 1.041 കിലോയും 16.587 കിലോ കഞ്ചാവും 17 കഞ്ചാവ് ചെടികളും പിടികൂടി.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈ വർഷം പിടികൂടിയ 728.42 ഗ്രാം എം.ഡി.എം.എ ആണ് കൊല്ലം സിറ്റി പൊലീസ് പിടികൂടുന്ന ഏറ്റവും ഉയർന്ന അളവ്. ജില്ലയിൽ ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി സ്ഥിരമായി ലഹരി വ്യാപാരത്തിൽ ഏർപ്പെടുന്ന പത്ത് കുറ്റവാളികൾക്കെതിരെ കാപ നിയമപ്രകാരം നടപടി സ്വീകരിച്ചു. ഇതിൽ എട്ടുപേരെ കരുതൽ തടങ്കലിലാക്കി. ഒരാളെ നാടുകടത്തി. ഒരാൾക്കെതിരെ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി. ലഹരി വ്യാപാരത്തിലൂടെ സമ്പാദിച്ച സ്വത്തുവകകൾ പിടിച്ചെടുക്കാനായി നാല് പ്രതികളുടെ പേരിലുള്ള വാഹനങ്ങൾ പിടിച്ചെടുക്കാനും ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യാനുമുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞു. മയക്കുമരുന്നിന്റെ അനധികൃത കടത്തൽ തടയുന്നതിന്റെ ഭാഗമായി അഞ്ച് പേർക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

