ജനങ്ങൾ ഒപ്പമുണ്ടെന്ന ആത്മവിശ്വാസമാണ് എൽ.ഡി.എഫിനെ മുന്നോട്ടുനയിക്കുന്നത് -മുഖ്യമന്ത്രി
text_fieldsകൊല്ലം മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർഥി എസ്. ജയമോഹനെ സദസ്സിന് പരിചയപ്പെടുത്തുന്നു
കൊല്ലം: എൽ.ഡി.എഫ് എപ്പോഴും ജനങ്ങളെയാണ് വിശ്വാസത്തിലെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ എൽ.ഡി.എഫിനെയും വിശ്വാസത്തിലെടുത്തു. ജനങ്ങളോടൊപ്പം ചേർന്നാണ് സർക്കാറിന്റെ പ്രവർത്തനം. ജനങ്ങളോടൊപ്പം ചേർന്നാണ് ഒരു പതിറ്റാണ്ട് മുന്നോട്ടുനീങ്ങിയത്. ജനങ്ങൾ ഞങ്ങളോടൊപ്പമുണ്ടെന്ന ആത്മവിശ്വാസമാണ് എൽ.ഡി.എഫിനെ മുന്നോട്ടുനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി എസ്. ജയമോഹന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കൊല്ലത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എൽ.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജനങ്ങളിലുള്ള ആ ആത്മവിശ്വാസത്തിന്റെ ഭാഗമായാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി എസ്. ജയമോഹൻ മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയമോഹനെ കൊല്ലത്തെ ജനങ്ങൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ജില്ല പഞ്ചായത്ത് പ്രസിഡന്റായി നല്ല രീതിയിൽ പ്രവർത്തിച്ച അനുഭവമുണ്ട്. കശുവണ്ടി വികസന കോർപറേഷന്റെയും മികച്ച സാരഥിയായിരുന്നു. എല്ലാ രംഗത്തും നല്ല സംഭാവന നൽകിയ പൊതു പ്രവർത്തകനാണ് ജയമോഹനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമ്മേളന സ്ഥലത്തെത്തിയ മുഖ്യമന്ത്രിയെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്.
സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്. ബിജുകുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.ജി. ബിജു, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം കെ. പ്രകാശ് ബാബു, സ്ഥാനാർഥി എസ്. ജയമോഹൻ എന്നിവർ സംസാരിച്ചു. എസ്. സുദേവൻ, പി.എസ്. സുപാൽ, എ.എം. ഇക്ബാൽ, അഡ്വ. എ. രാജീവ്, കെ. വരദരാജൻ, ചിന്താ ജെറോം, വി.കെ. അനിരുദ്ധൻ, പ്രസന്ന ഏണസ്റ്റ്, എ. ഇക്ബാൽ കുട്ടി, തൊടിയിൽ ലുക്മാൻ, തടത്തിവിള രാധാകൃഷ്ണൻ, ചന്ദനത്തോപ്പ് അജയകുമാർ, പാറയ്ക്കൽ നിസാമുദ്ദീൻ, മേടയിൽ ബാബു, കടവൂർ സി.എൻ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

