ആവശ്യമായ ആശുപത്രിയോ ചികിത്സയോ ലഭ്യമാകാത്ത സ്ഥിതി; മെഡിസെപ് പദ്ധതി പൊളിച്ചെഴുതും -മുഖ്യമന്ത്രി
text_fieldsവി.ഡി.സതീശൻ
കൊല്ലം: നിരവധി പോരായ്മകൾ നിറഞ്ഞ മെഡിസെപ് പദ്ധതി പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ആവശ്യമായ ആശുപത്രിയോ ചികിത്സയോ ലഭ്യമാകാത്ത സ്ഥിതിയാണ്. ഇൻഷുറൻസ് കമ്പനി പറയുന്നത് പോലെ അല്ല ഇൻഷുറൻസ് പദ്ധതി നടപ്പാക്കേണ്ടത്. ചർച്ചകൾ നടത്തി എല്ലാവർക്കും സ്വീകാര്യമായ നല്ല ഇൻഷുറൻസ് പദ്ധതി കേരളത്തിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഏഴാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസ് സേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ അനുഭവവും പരിചയവും കേരളത്തിൽ ഒരുപാട് കാര്യങ്ങൾക്ക് കാര്യക്ഷമമായി പ്രയോജനപ്പെടുത്താനാകും. മുൻ ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാനത്ത് ഏതെല്ലാം മേഖലയിൽ ഉപയോഗപ്പെടുത്താം എന്ന് സർക്കാർ ഗൗരവപൂർവം ആലോചിക്കുകയാണ്. പ്രായമേറിയവർക്ക് പ്രത്യേക ജെറിയാട്രിക് കെയർ ഉറപ്പാക്കും. സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്ക് മുൻഗണന നൽകുന്ന ലീഗൽ ഗ്യാരന്റി സർക്കാർ യാഥാർഥ്യമാക്കും. നിയമപരിരക്ഷ മുതിർന്നവർക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചനയിലാണ്.
സർക്കാർ ഒപ്പമുണ്ടാകും എന്നതാണ് അതിലൂടെ ഉറപ്പാക്കുക. മുതിർന്ന പൗരന്മാരിൽ നല്ലൊരു വിഭാഗത്തെയും വീണ്ടും സജീവമാക്കാനുള്ള പദ്ധതികൾ ആണ് മുതിർന്ന പൗരന്മാരുടെ വകുപ്പ് ആവിഷ്കരിക്കുന്നത്. 2010 ഏപ്രിലിന് മുമ്പ് വിരമിച്ചവരുടെ പരിശീലന കാലഘട്ടം സർവീസ് ആയി പരിഗണിക്കാത്തത് അന്യായമാണെന്നും ആ പ്രശ്നം പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിനിധി സമ്മേളനം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. ലഹരിവിപത്തിനെ നേരിടാൻ എക്സൈസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം തേടാനുള്ള തീരുമാനത്തിന് സമാനമായി പൊലീസ് സേനയിൽ നിന്നും വിരമിച്ചവരെ ഉൾപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി എം.ലിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

