ഒന്നരമാസത്തിനിടെ 273പേർ ചികിത്സതേടി; ആശങ്കയേറ്റി ചിക്കൻപോക്സ്
text_fieldsകൊല്ലം: ഒന്നരമാസത്തിനിടെ ജില്ലയിൽ ചിക്കൻപോക്സ് ബാധിതരുടെ എണ്ണം 250 കടന്നു. ഡിസംബർ മുതൽ ജനുവരി 20 വരെ 273 പേരാണ് രോഗബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
ഈ വർഷം ഇതുവരെ 121 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചു. വേരിസെല്ലാ സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്സ് പടർത്തുന്നത്.
രോഗാരംഭത്തിന് മുമ്പുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ദിവസങ്ങളിലുമാണ് മറ്റുള്ളവരിലേക്ക് കൂടുതലായി പകരുന്നത്. രോഗികളുമായി സമ്പർക്കം വന്നാൽ 72 മണിക്കൂറിനുള്ളിൽ വാക്സിനെടുത്താൽ പ്രതിരോധിക്കാം. 12 വയസ്സിന് മുകളിലുള്ളവർക്ക് നാല് മുതൽ എട്ട് ആഴ്ച ഇടവേളയിൽ രണ്ട് ഡോസ് വാക്സിനെടുക്കണം.
ദിവസവും കുറഞ്ഞത് അഞ്ചുപേർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ.
കുട്ടികളിലാണ് രോഗബാധ കൂടുതൽ. രോഗബാധിതരിലെ കുമിളകളില്‍ നിന്നുള്ള ദ്രാവകത്തിലൂടെയും മൂക്കില്‍നിന്നുള്ള സ്രവങ്ങളിലൂടെയുമാണ് രോഗം പടരുന്നത്. പ്രധാന ലക്ഷണം ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ ദ്രാവകം നിറഞ്ഞ ചൊറിച്ചിലുണ്ടാക്കുന്ന കുമിളകളാണ്. കുട്ടികളെ ബാധിക്കുന്ന രോഗം പ്രതിരോധശേഷി കുറഞ്ഞവരെയും ഗര്‍ഭിണികളെയും ബാധിക്കാൻ സാധ്യതയും ഏറെയാണ്. രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയും സമ്പര്‍ക്കത്തില്‍ വരുന്ന പ്രതലത്തിലൂടെയുമെല്ലാം ഈ രോഗം പടരാന്‍ സാധ്യതയേറെ.
കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിലൂടെ ഈ വൈറസ് ശരീരത്തില്‍ പ്രവേശിക്കാം. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 10-21 ദിവസങ്ങളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പനി, കടുത്ത തലവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിങ്ങനെ പല ലക്ഷണങ്ങള്‍ തുടക്കത്തിലുണ്ടാകും. ഇതിനൊപ്പം പേശി വേദന, വയറുവേദന, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
രോഗം തടയാന്‍ 12-15 മാസമുള്ള കുട്ടികളില്‍ വാക്സിനെടുക്കാം. 4-6 വയസില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാം. രോഗിയുമായി സമ്പര്‍ക്കം ഒഴിവാക്കുക, വൃത്തി പാലിക്കുക, രോഗി ഉപയോഗിച്ചവ അണുനശീകരണം നടത്തി മാത്രം ഉപയോഗിക്കുക, കൈ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തുക എന്നിവയെല്ലാം രോഗം തടയാന്‍ സഹായിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

