ഏതുസമയവും മറിയാം ചേനഗിരി പാലം; പുനനിർമിക്കാൻ നടപടിയില്ല
text_fieldsപുനലൂർ: എട്ടുവർഷമായി നടുവൊടിഞ്ഞ് അപകട ഭീഷണിയിലായ പാലം പുനനിർമിക്കാൻ നടപടിയില്ല. മലയോര മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഗതാഗതം ഭീഷണിയിൽ. ആര്യങ്കാവ് പഞ്ചായത്തിലെ പ്രധാന പാലങ്ങളിലൊന്നായ ചേനഗിരി പാലമാണ് പുനർനിർമിക്കാത്തത്. ദേശീയപാതയിൽ ആര്യങ്കാവിനും കഴുതുരുട്ടിക്കുമിടയിൽ ഗതാഗത പ്രശ്നങ്ങൾ ഉണ്ടായാൽ ആശ്രയിക്കാവുന്ന സമാന്തരപാതയിലെ പാലമാണ് ഇത്.
ആര്യങ്കാവ് റേഞ്ച് ഓഫിസ് സമീപം ദേശീയപാതയിൽനിന്ന് തിരിയുന്ന പഞ്ചായത്ത് റോഡിലുള്ള ഈ പാലം 15 വർഷം മുമ്പ് നിർമിച്ചതാണ്. കരിങ്കൽ, കോൺക്രീറ്റ് തൂണുകളില്ലാതെ ഇരുവശത്തും തറയിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചതാണ് പാലം. മലവെള്ളപ്പാച്ചിലിൽ വശത്തെ മണ്ണ് ഒലിച്ചുപോയതോടെ പാലം ക്രമേണ ഒരുവശത്തേക്ക് ചരിയുകയായിരുന്നു. എട്ടുവർഷം മുമ്പ് വെള്ളപ്പൊക്കത്തിൽ മരം വന്നിടിച്ച് പാലം കൂടുതൽ നാശത്തിലായി.
തോട്ടിൽ വെള്ളമുയർന്നാൽ പാലം മുങ്ങും. നിലവിൽ കനത്ത മഴ പെയ്താൽ പാലം പൂർണമായി തോട്ടിലേക്ക് മറിയുന്ന അവസ്ഥയാണ്. ഈ മേഖലയിലുള്ള സ്വകാര്യ എസ്റ്റേറ്റ് കൂടാതെ ആറേക്കർ, ഒമ്പതേക്കർ, പത്തേക്കർ തുടങ്ങിയ ഭാഗങ്ങളിലെ കുടുംബങ്ങളും തോട്ടം തൊഴിലാളികളുടെയും പ്രധാന ആശ്രയമാണ് ഈ പാലം.
പഞ്ചായത്തിന് ആവശ്യത്തിന് പണമില്ലാത്തതിനാൽ പ്രധാനമന്ത്രി സഡക് യോജനയിൽ ഉൾപ്പെടുത്തി പുനർനിർമിക്കാൻ ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകിയെങ്കിലും നടന്നില്ല. എം.എൽ.എ ഫണ്ടിൽനിന്ന് പണം അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഇതുവരെയും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

