കോയമ്പത്തൂരില്‍ നഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; ദുരൂഹതയെന്ന് ബന്ധുക്കള്‍
text_fieldsആന്‍സി
ചവറ: കോയമ്പത്തൂരിൽ കോളജ് ഹോസ്റ്റലില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി. നീണ്ടകര അമ്പലത്തുംതറയില് ഔസേപ്പിന്റെയും വിമലറാണിയുടെയും മകള്‍ മൂന്നാംവര്‍ഷ ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥിനി ആന്‍സി (19) ആണ് ഞായറാഴ്ച ഹോസ്റ്റലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആന്‍സി ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നും കൂടെ താമസിച്ചിരുന്ന ചില മലയാളി വിദ്യാര്‍ഥികളുടെ നിലപാടുകളെ ആൻസി ചോദ്യംചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ കോയമ്പത്തൂർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം വീട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ സെമിത്തേരിയില്‍ സംസ്കരിച്ചു. ആൻസിയുടെ സഹോദരൻ അബിൻ (ദുബൈ).

