പടിഞ്ഞാറ്റേക്കരയിൽ മാലിന്യം തള്ളുന്നത് പതിവ്
text_fieldsപടിഞ്ഞാറ്റേക്കരയിൽ പാതയോരത്ത് മാലിന്യം തള്ളിയനിലയിൽ
ചവറ: പടിഞ്ഞാറ്റേക്കരയിലെ വിവിധ പ്രദേശങ്ങളിൽ അനിയന്ത്രിതമായ മാലിന്യം തള്ളൽ ജനജീവിതം ദുസ്സഹമാക്കുന്നു. പ്രധാന റോഡുകളിലും ഇടവഴികളിലും മാലിന്യം കുന്നുകൂടുന്നത് വലിയ ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്. ജനവാസമില്ലാത്തതും വെളിച്ചം കുറഞ്ഞതുമായ റോഡുകളിലാണ് രാത്രി വാഹനങ്ങളിലെത്തിച്ച് മാലിന്യം തള്ളുന്നത്. പുറത്തുനിന്നുള്ള വാഹനങ്ങളാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് സൂചന. മാലിന്യം തള്ളുന്നവരെ പിടികൂടാൻ പ്രദേശവാസികൾ പലതവണ രാത്രികാലങ്ങളിൽ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
പൈപ്പ് റോഡിന്റെ വശങ്ങളിലാണ് മാലിന്യനിക്ഷേപം രൂക്ഷമായിരിക്കുന്നത്. ദുർഗന്ധം കാരണം ഈ വഴിയിലൂടെ നാട്ടുകാർക്ക് യാത്രചെയ്യാനാവാത്ത അവസ്ഥയാണ്. ചീഞ്ഞഴുകിയ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും ചിതറിക്കിടക്കുന്നു. ഡയപ്പർ മാലിന്യവും തള്ളുന്നു. ഭക്ഷണാവശിഷ്ടങ്ങൾ തേടി തെരുവ് നായ്ക്കൾ കൂട്ടമായി എത്തുന്നത് കാൽനടയാത്രികർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയായി മാറി.
മാലിന്യം തള്ളുന്നത് വർധിച്ച സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നും റോഡുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് കുറ്റക്കാരെ കണ്ടെത്തി കടുത്ത പിഴ ഈടാക്കണമെന്നും പൊതുപ്രവർത്തകൻ തസ്‌ലിം വലിയവിളയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

