ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ കോടികള്‍ തട്ടിയ പ്രതികള്‍ പിടിയില്‍
text_fieldsചവറ: ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചാല്‍ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. തൃശൂര്‍ തലപ്പള്ളി മണലിത്തറ കണ്ടരത്ത് ഹൗസില്‍ രാജേഷ് (46), തൃശൂര്‍ അരനാട്ടുകര പാലിശ്ശേരി ഹൗസില്‍ ഷിജോ പോള്‍ (45) എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.
പന്മനമനയില്‍ മുറിയില്‍ തയ്യില്‍ വീട്ടില്‍ മാക്‌സ്‌വെല്‍ ഐജു ജയിംസിന്‍റെ പക്കല്‍നിന്ന് 2021 മുതല്‍ 2022 വരെ 41.50 ലക്ഷം രൂപ സംഘം തട്ടിയെടുത്തെന്ന പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ചവറ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ സമാനരീതിയില്‍ പലരെയും കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചത്. ചവറ പൊലീസിന്റെ അന്വേഷണത്തില്‍ ഇരുവര്‍ക്കുമെതിരെ 15 കേസുണ്ടെന്ന് കണ്ടെത്തി. സമാനമായ തട്ടിപ്പ് കേസില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ പൊലീസില്‍നിന്ന് ചവറ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
ജില്ലയില്‍ ഇവര്‍ ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ കൂടുതൽ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ചവറ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ നൗഫല്‍, എ.എസ്.ഐ ഷാല്‍ വിനായകന്‍, എസ്.സി.പി.ഒമാരായ തമ്പി, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.