ചവറ: ഹൈ ക്വാളിറ്റി രാഷ്ട്രീയസാന്ദ്രതയുടെ മണ്ണ്
text_fieldsചവറ: കരിമണൽ പോലെ ചവറയിലെ രാഷ്ട്രീയ മണലിനും സാന്ദ്രത കൂടുതലാണ്. ലോകത്തെങ്ങും ഇവിടുത്തെ മണൽപോലെ ധാതുനിക്ഷേപമുള്ള മണൽ ഇല്ല. രാഷ്ട്രീയം പറഞ്ഞാൽ ആർ.എസ്.പിയുടെ സോഷ്യലിസമാണ് ആ മണ്ണിൽ ലയിച്ചിരിക്കുന്നത്. ആർ.എസ്.പിയുടെ അതികായൻ ബേബി ജോണിനെ സ്മരിക്കാതെ ചവറക്ക് വികസനവുമില്ല രാഷ്ട്രീയവുമില്ല. പിതാവിന്‍റെ പാർട്ടി ഇപ്പോൾ കൊണ്ടുനടക്കുന്ന ഷിബു ബേബി ജോണാണ് ഇവിടെ യു.ഡി.എഫിനായി മത്സരിക്കുന്നത്. എതിരെ മത്സരിക്കുന്ന സിറ്റിങ് എം.എൽ.എ ഇടത് സ്വതന്ത്രൻ ഡോ. സുജിത്ത് വിജയൻ പിള്ളയുടെ രാഷ്ട്രീയ പാരമ്പര്യവും ആർ.എസ്.പിയുടേതാണ്. അദ്ദേഹത്തിന്‍റെ പിതാവ് അന്തരിച്ച മുൻ എം.എൽ.എ എൻ.വിജയൻ പിള്ള കോൺഗ്രസിലും സി.എം.പിയിലും എത്തുംമുമ്പ് ആർ.എസ്.പിയിൽ പ്രവർത്തിച്ചിരുന്നു. എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പിയുടെ കെ.ആർ. രാജേഷും പഴയ ആർ.എസ്.പിക്കാരനാണ്.
നിലവിൽ നിയമസഭയിൽ പ്രാധിനിധ്യമില്ലാത്ത ആർ.എസ്.പിയെ വംശനാശത്തിൽനിന്ന് രക്ഷിച്ച് നിർത്തുന്നത് എൻ.കെ. പ്രേമചന്ദ്രന്‍റെ പാർലമെന്‍റിലെ സാന്നിധ്യം മാത്രമാണ്. അതുകൊണ്ട് തന്നെ ചവറ അടക്കം കൊല്ലത്തെ മൂന്ന് സീറ്റിലെ മത്സരം ആർ.എസ്.പിയുടെ രാഷ്ട്രീയ ഭാവിക്ക് നിർണായകമാണ്. ചവറ മണ്ഡലം രൂപവത്കൃതമായ 1977 മുതൽ 2001 വരെ ബേബി ജോണായിരുന്നു എം.എൽ.എ. 2001ൽ പിതാവിന്‍റെ പിൻഗാമിയായി എത്തിയ ഷിബു തോൽപിച്ചത് ഇതിനകം പിളർന്ന പാർട്ടിയുടെ മറുഘടകത്തിന്‍റെ സെക്രട്ടറി വി.പി. രാമകൃഷ്ണ പിള്ളയെയാണ്. 2006ൽ എൽ.ഡി.എഫിലെ ആർ.എസ്.പിയിൽനിന്ന് എൻ.കെ. പ്രേമചന്ദ്രനും യു.ഡി.എഫിൽ ഷിബുവും ചവറയിൽ മത്സരിച്ചു. പ്രേമചന്ദ്രൻ വിജയിച്ച് വി.എസ് മന്ത്രിസഭയിൽ മന്ത്രിയായി. 2011ൽ പ്രേമചന്ദ്രനെ തോൽപിച്ച് ഷിബു യു.ഡി.എഫിന്‍റെ മന്ത്രിയായി. പിന്നെ ആർ.എസ്.പികൾ വീണ്ടും ഒന്നായി യു.ഡി.എഫിന്‍റെ ഭാഗമായി. അടുത്ത തെരഞ്ഞെടുപ്പിൽ ആർ.എസ്.പിയല്ലാത്ത സ്ഥാനാർഥിയായി ഇടതുപക്ഷം എൻ. വിജയൻ പിള്ളയെ മത്സരിപ്പിച്ച് ജയിപ്പിച്ചു. പിന്നീടുള്ള രണ്ട് തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്‍റെ മകൻ ഡോ. സുജിത്ത് വിജയൻ പിള്ളയാണ് വിജയിക്കുന്നത്. സുജിത്ത് മൂന്നാം ഊഴം തേടുമ്പോൾ ഷിബു ഉയർത്തികാണിക്കുന്നത് താനും പിതാവ് ബേബി ജോണും കൊണ്ടുവന്ന നേട്ടങ്ങളല്ലാതെ മണ്ഡലത്തിൽ എന്തുണ്ടെന്നാണ്.
ബേബി ജോൺ കൊണ്ടുവന്ന കെ.എം.എം.എൽ കമ്പനിയും ഷിബു മന്ത്രിയായിരിക്കെ എത്തിച്ച ഐ.ഐ.ഐ.സി, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ അടക്കം തങ്ങൾ കൊണ്ടുവന്ന വികസനം ചൂണ്ടികാട്ടിയുള്ള പ്രചരണവും തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയവുമാണ് യു.ഡി.എഫിന്‍റെ ആത്മവിശ്വാസമെങ്കിൽ ജന മനസിലെ നിർമ്മല സാന്നിധ്യമാണ് സുജിത്തിന്‍റെ തുറുപ്പ് ചീട്ട്. റോഡും പാലങ്ങളുമടക്കം മണ്ഡലത്തിൽ നടപ്പാക്കിയ 1100 കോടിയുടെ വികസപ്രവർത്തനങ്ങളും അദ്ദേഹം കണക്കായി നിരത്തുന്നു. സീറ്റ് നിലനിർത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും ശക്തമായ പോരാട്ടം കാഴ്ചവെക്കുമ്പോൾ മത്സരം പ്രവചനാതീതമാണ്. സർക്കാരിന്റെ വികസനവും ക്ഷേമ പ്രവർത്തനങ്ങളും വോട്ടാകും എന്ന പ്രതീക്ഷയിലാണ് സുജിത്തെങ്കിൽ കഴിഞ്ഞ തവണത്തെ കുറഞ്ഞ വോട്ടിന്‍റെ തോൽവി സര്‍ക്കാര്‍ വിരുദ്ധ തരംഗത്തിൽ മറികടക്കാനാവുമെന്ന് ഷിബു ബേബി ജോണ്‍ കരുതുന്നു.
2021ലെ വോട്ടുനില
സുജിത് വിജയൻ പിള്ള (എൽ.ഡി.എഫ് സ്വത.) -63248
ഷിബു ബേബി ജോൺ (യു.ഡി.എഫ്)- 62186
വിവേക് ഗോപൻ (എൻ.ഡി.എ) -14211
2016ലെവോട്ടുനില
എൻ. വിജയൻ പിള്ള (എൽ.ഡി.എഫ്- സി.എം.പി)- 64666
ഷിബു ബേബി ജോൺ (യു.ഡി.എഫ്)- 58477
എം. സുനിൽ (ബി.ജെ.പി)- 10276
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

