കൊല്ലം ജില്ല കലോത്സവം; ചാത്തന്നൂരിന് കലാകിരീടം
text_fieldsഅഞ്ചൽ: കലയുടെ രസംപകർന്ന അഞ്ചലിന്റെ അഞ്ചുദിനങ്ങളിൽ നടന്ന കൗമാര കലാവിസ്മയങ്ങൾക്ക് തിരശ്ശീലവീണു.ആദ്യദിനം മുതൽ നിലനിർത്തിയ ചാത്തന്നൂരിന്റെ വ്യക്തമായ ആധിപത്യം അവസാന ദിനങ്ങളിൽ മാറിമറിഞ്ഞെങ്കിലും ഒടുവിൽ അവരെ കിരീടത്തിലേക്ക് അടുപ്പിച്ചു.
തുടക്കംമുതൽ പുലർത്തിയ മുന്നേറ്റം കൈവിടാതെ കാത്ത ചാത്തന്നൂർ ശനിയാഴ്ച രാവിലെ ഒന്നാംസ്ഥാനത്തായിരുന്നെങ്കിലും വൈകിട്ട് പിന്നോട്ടുപോയി. എങ്കിലും കലാ മാമാങ്കത്തിന്റെ ആരവങ്ങൾ അവസാനിക്കാറായപ്പോൾ ചാത്തന്നൂർ ഉപജില്ല കലാകിരീടത്തിൽ മുത്തമിടുകയായിരുന്നു.
കരുനാഗപ്പള്ളി ഉപജില്ലയാണ് രണ്ടാമതെത്തിയത്. തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നിലനിർത്തിയ കലാകിരീടമാണ് ഇത്തവണ അഞ്ചലിൽ കരുനാഗപ്പള്ളി കൈവിട്ടത്. കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തായിരുന്ന ചാത്തന്നൂരിന്റെ തേരോട്ടമാണ് ആദ്യദിനം മുതൽ അഞ്ചലിൽ കാണാൻ കഴിഞ്ഞത്.
പുനലൂർ ഉപജില്ലയാണ് മൂന്നാംസ്ഥാനത്ത്. ആതിഥേയത്വം വഹിച്ച അഞ്ചൽ ഉപജില്ല ആറാം സ്ഥാനത്താണ്. യു.പിയിൽ വെളിയവും പുനലൂരും എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ചാത്തന്നൂർ ഉപജില്ലക്കുമാണ് ഓവറോൾ. സ്കൂൾ വിഭാഗത്തിൽ അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ് 300 പോയിന്റോടെ ഒന്നാമതെത്തി. ആതിഥേയത്വം വഹിച്ച അഞ്ചൽ വെസ്റ്റ് സ്കൂൾ 243 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് പതാരം എസ്.എം.എച്ച്.എസാണ്.
ഹയര്സെക്കന്ഡറി വിഭാഗത്തില് 125 പോയിൻറുമായി എസ്.എം.എച്ച്.എസ് പതാരം ആണ് ഒന്നാം സ്ഥാനത്ത്. എച്ച്.എസിലും യു.പിയിലും അയണിവേലിക്കുളങ്ങര ജോൺ എഫ്.കെന്നഡി മെമ്മോറിയൽ വി.എച്ച്.എസാണ് ഒന്നാമത്.
അറബിക് കലോത്സവം; ചവറക്ക് കിരീടം
അഞ്ചൽ : യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി നടന്ന അറബിക് കലോത്സവത്തിൽ 154 പോയിന്റ് നേടി ചവറ ഉപജില്ല ഒന്നാം സ്ഥാനത്ത്. യു.പിയിൽ 65 പോയിന്റും എച്ച്.എസിൽ 89 പോയിന്റുംചവറ ഉപജില്ല നേടി.152 പോയിന്റുമായി പുനലൂർ ഉപജില്ല രണ്ടാമതെത്തി. യു.പിയിൽ 61 പോയിന്റും എച്ച്.എസിൽ 91 പോയിന്റുമാണ് പുനലൂരിന്റെ നേട്ടം.
യു.പി വിഭാഗത്തിൽ 65 പോയിന്റുമായി ചടയമംഗലം ഉപജില്ലയും എച്ച്.എസിൽ 91 പോയിന്റുമായി പുനലൂർ ഉപജില്ലയും ഒന്നാം സ്ഥാനത്തെത്തി. സ്കൂൾ തലത്തിൽ 30 പോയിന്റ് വീതം നേടി എ.കെ.എൽ.എം യു.പി സ്കൂൾ കണ്ണനല്ലൂർ, അഞ്ചൽ വയല എൻ.വി യു.പി.എസ്, കെ.പി.എം എച്ച്.എസ്.എസ് ചെറിയവെളിനല്ലൂർ സ്കൂളുകൾ ഒന്നാമതെത്തി. എച്ച്.എസ് വിഭാഗത്തിൽ 62 പോയിന്റ് നേടി ഗവ. എച്ച്.എസ് തലച്ചിറക്കാണ് ഒന്നാം സ്ഥാനം.
കലയുടെ സ്കൂൾ കിരീടം വീണ്ടും കെന്നഡിക്ക്
അഞ്ചൽ : ജില്ല സ്കൂൾ കലോത്സവ വേദിയിൽ നാലാം തവണയും കിരീടം സ്വന്തമാക്കി അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്. എസ്.എസ് ഒരിക്കൽകൂടി മികവ് തെളിയിച്ചു. മുൻവർഷത്തേക്കാൾ 20 പോയിന്റ് കൂടുതൽ നേടി 300 പോയിന്റോടെയാണ് ഈ വർഷം കെന്നഡിയുടെ നേട്ടം.
ജില്ല സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ജോൺ എഫ് കെന്നഡി മെമ്മോറിയൽ എച്ച്.എസ്.എസ്, കരുനാഗപ്പളളി
രണ്ടാം സ്ഥാനക്കാരെ അപേക്ഷിച്ച് അമ്പതിൽ കൂടുതൽ പോയിൻറ് മുന്നിൽ നിൽക്കുന്നതോടെ കെന്നഡിയുടെ വാഴ്ച തിളങ്ങി. യു.പി മുതൽ എച്ച്.എസ്.എസ് വരെ മൂന്ന് വിഭാഗങ്ങളിലായി പങ്കെടുത്ത 68 ഇനങ്ങളിൽ 11 ഇനങ്ങളിൽ ഒന്നാം സ്ഥാനവും 51 എ ഗ്രേഡും സ്കൂൾ സ്വന്തമാക്കി. 250ഓളം കുട്ടികളാണ് വിവിധ ഇനങ്ങളിൽ തങ്ങളുടെ കലാപാടവം തെളിയിച്ചത്. എച്ച്.എസ്, യു.പി വിഭാഗങ്ങളിലും സ്കൂളിന് ഒന്നാമതെത്താനായി.
(റിപ്പോർട്ട്: കെ.എം. ഫൈസൽ, എൻ.കെ. ബാലചന്ദ്രൻ. ഫോട്ടോ: സി. സുരേഷ്കുമാർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

