ദേശീയപാത വികസനത്തിന്റെ മറവിൽ മണ്ണെടുപ്പ്
text_fieldsവേളമാനൂരിൽ മണ്ണെടുത്ത സ്ഥലം
ചാത്തന്നൂർ: ദേശീയപാത വികസന മറവിൽ അനിയന്ത്രിതമായി മണ്ണെടുപ്പ് നടത്തുന്നതുമൂലം കല്ലുവാതുക്കൽ പഞ്ചായത്തിലെ പ്രകൃതി രമണീയ ഗ്രാമമായ വേളമാനൂരിൽ കുന്നുകൾ അപ്രത്യക്ഷമാകുന്നു.
ചെറുതും വലുതുമായ നിരവധി കുന്നുകളാണ് ഇവിടെ ഇടിച്ചു നിരത്തി മണ്ണ് കടത്തുന്നത്. രാപ്പകൽ വിത്യാസമില്ലാതെ ഡസൻകണക്കിന് മണ്ണുമാന്ത്രി യന്ത്രങ്ങളും ലോറികളുമാണ് ഒരു വർഷത്തിലേറെയായി ഈ കുന്നുകൾ ഇല്ലാതാക്കാൻ ജോലി ചെയ്യുന്നത്. ദേശീയപാതയുടെ പേരിലാണ് മണ്ണെടുപ്പിന് തുടക്കം കുറിച്ചത്. പിന്നീട് ജില്ലയിലെ കരമണ്ണ് മാഫിയ ഒന്നാകെ ഇവിടേക്ക് ഒഴുകിയെത്തി. വട്ട കുഴിക്കൽ വാർഡിലെ തൊലിക്കോട് മാടൻകാവ് കുന്നിന്റെ ഒരു ഭാഗത്തു നിന്ന് ദേശീയപാത നിർമാണത്തിന്റെ പേരിലാണ് ആദ്യം മണ്ണെടുത്ത് തുടങ്ങിയത്. തുടർന്ന് സ്വകാര്യ വ്യക്തികളെ സ്വാധീനിച്ച് മണ്ണിന് വലിയവില നൽകി റോഡരികിലുള്ള കുന്നുകൾ ഇടിച്ചു നിരത്തുകയായിരുന്നു. റവന്യൂ പഞ്ചായത്ത് വകുപ്പുകളെയും പോലീസിനെയും നോക്ക് കുത്തിയാക്കിയാണ് ഇവിടെ നിന്നു മണ്ണ് കടത്തുന്നത്.
അനധികൃത മണ്ണെടുപ്പ് നടന്ന കുന്നുകളിൽ മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുണ്ടെന്ന് വിദ്ഗദർ മുന്നറിയിപ്പ് നല്ക്കുന്നു. കുന്നുകളുടെ പലഭാഗങ്ങളിലും ചരിവ് പാലിക്കാതെ മണ്ണെടുത്തത് മുറിവുകൾക്ക് സമാന വിള്ളലുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉയർന്ന കുന്നുകളിൽ മണ്ണെടുത്തത് അശാസ്ത്രീയമാണെന്ന് ചൂണ്ടികാട്ടപ്പെടുന്നു. പരിഹാര പ്രവർത്തനങ്ങൾ അപ്രായോഗികമാണെന്നും വിദഗ്ധർ പറയുന്നു . ഭൂഗർഭ ജലമോ, മഴയെത്തുടർന്നുള്ള ജലപ്രവാഹമോ ഉണ്ടായാൽ ഈ വിടവുകളിലൂടെ ജലം ശക്തിയായി ഒഴുകുമെന്നും അത് മണ്ണിടിച്ചിലിന് കാരണമാകുമെന്നും പറയുന്നു. വില്ലേജ് ഓഫിസർമാരുടെ റിപ്പോർട്ടുകൾ അവഗണിച്ച് രാഷ്ട്രീയ ഇടപെടലിലാണ് ഇവിടെ മണ്ണ് ഖനനം നടക്കുന്നത്.
ദേശീയപാത നിർമ്മാണ കമ്പനി നല്കുന്ന അനധികൃത പാസുകളും ജിയോളജിയുടെ വ്യാജ പാസുകളും ഉപയോഗിച്ചാണ് യാതൊരു കണക്കുമില്ലാതെ മണ്ണ് കൊണ്ടുപോകുന്നത്. കുന്നുകൾ നശിപ്പിക്കുന്നത് മൂലം നശിക്കുന്നത് ഏക്കർ കണക്കിന് സ്ഥലത്തെ ആവാസ വ്യവസ്ഥ കൂടിയാണ്. മണ്ണെടുപ്പ് തടയണമെന്ന ആവശ്യവുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയ്ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.