കെ റെയിലിനായി കല്ലിടൽ: പ്രതിഷേധിച്ച 11 പേർ അറസ്റ്റിൽ
text_fieldsപ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കുന്നു
ചാത്തന്നൂർ: കെ റെയിലിനായി സ്ഥലമേറ്റെടുക്കുന്നതിനായി കല്ലിടാനെത്തിയവരെ തടഞ്ഞതിെൻറ പേരിൽ സ്ത്രീകൾ ഉൾപ്പടെ 11 പേരെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചക്ക് ചാത്തന്നൂർ കാരംകോട് വിമല സ്കൂളിന് പടിഞ്ഞാറുവശത്തായിരുന്നു സംഭവം. ഇവിടെയുള്ള ഒരു വീട്ടുവളപ്പിൽ ഉദ്യോഗസ്ഥസംഘം കല്ലിടാനെത്തിയപ്പോൾ വീട്ടുകാർ പ്രതിഷേധവുമായി ഗേറ്റ് പൂട്ടി അകത്തിരിക്കുകയായിരുന്നു. ചാത്തന്നൂർ എ .സി.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡെപ്യൂട്ടി കലക്ടറും സ്ഥലത്തെത്തി വീട്ടുകാരുമായും കെ റെയിൽ വിരുദ്ധ സമിതിയുമായും ചർച്ച നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെ വീട്ടിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.
അറസ്റ്റിലായവരെ വൈകീട്ടോടെ ജാമ്യത്തിൽ വിട്ടയച്ചു. സമരസമിതി നേതാക്കളായ ഷൈല കെ. ജോൺ, ബി. രാമചന്ദ്രൻ, ഷറഫ് കുണ്ടറ, പ്രശാന്ത് കുമാർ, ഫ്രാൻസിസ്, ട്വിങ്കിൾ പ്രഭാകരൻ, ഉഷ, സുകന്യകുമാർ, എൻ. ശശിധരൻ, ജോൺസൻ, രാഹുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കെ റെയിലിനായി ഇട്ടിരുന്ന കല്ലുകൾ പ്രതിഷേധക്കാർ പിഴുതുമാറ്റിയിരുന്നു.