ഉയരപ്പാത പൊളിച്ച് പുതിയത് പണിയാനുള്ള നീക്കം തടഞ്ഞു
text_fieldsചാത്തന്നൂരിൽ ഉയരപ്പാത പൊളിച്ചുമാറ്റുന്ന നീക്കം നിർത്തിവെപ്പിച്ചപ്പോൾ
ചാത്തന്നൂർ: ചാത്തന്നൂർ ജങ്ഷനിൽ പണി പൂർത്തിയാക്കിയ ഉയരപ്പാത പുറത്തേക്ക് ഉന്തിനിന്ന് വിള്ളലുകളും പൊട്ടലുകളും ഉണ്ടായ സാഹചര്യത്തിൽ ഫ്ലൈഓവറിനോട് ചേരുന്ന ഭാഗത്ത് പൊളിച്ചുമാറ്റി പുതുക്കിപ്പണിയാനുള്ള കരാർ കമ്പനിയുടെ നീക്കം വികസന സമിതി ഇടപെട്ട് നിർത്തിവെപ്പിച്ചു.
പൊലീസ് അധികാരികൾ സ്ഥലത്തെത്തി സുരക്ഷാവീഴ്ച സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുകയും ചെയ്തു. ചാത്തന്നൂർ മേഖലയിലെ മൺ ഉയരപ്പാത നിർമാണങ്ങളിൽ വലിയ തോതിലുള്ള അപാകതകൾ വികസനസമിതി നേരത്തേതന്നെ ചൂണ്ടിക്കാണിച്ചിരുന്നു.
ചാത്തന്നൂരിൽ മൺ ഉയരപ്പാത ഒഴിവാക്കി തൂണിന്മേൽ എലിവേറ്റഡ് പാത നിർമിക്കണമെന്ന ആവശ്യം ഉയർത്തി 39 ദിവസം പ്രതിഷേധസമരം നടത്തുകയും ചെയ്തിരുന്നു. ഫ്ലൈ ഓവറിന് കിഴക്കുഭാഗത്തായി മൺ ഉയരപ്പാതയിൽ നിർമാണത്തിൽ അപാകതകൾ ഉണ്ടായത് കൊണ്ടാണ് കോൺക്രീറ്റ് സ്ലാബുകൾ എടുത്തുമാറ്റി പുതുക്കിപ്പണിയാനുള്ള ശ്രമം കരാർ കമ്പനി നടത്തിയത്.
ടാങ്കറുകളിൽ വെള്ളമെത്തിച്ച് പ്രസ്തുത പ്രദേശങ്ങളിൽ വെള്ളം ഒഴിച്ച് മണ്ണ് അയഞ്ഞതാക്കി കോൺക്രീറ്റ് സ്ലാബുകൾ ഊരിയെടുക്കാനുള്ള ശ്രമമാണ് നടന്നത്. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കും, കലക്ടർക്കും. അസിസ്റ്റൻറ് പൊലീസ് കമീഷണർക്കും വിഷയത്തിൽ വികസനസമിതി നിവേദനങ്ങൾ സമർപ്പിച്ചു. വികസനസമിതി ചെയർമാൻ ജി. രാജശേഖരൻ, കെ.കെ. നിസാർ, ജി.പി. രാജേഷ്, പി. ദിനകരൻ, വി.എ. മോഹൻലാൽ, എൻ. അനിൽകുമാർ, വിനോദ്, സന്തോഷ്, ചാക്കോ ജോൺ, ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

