ചാത്തന്നൂർ: ആഡംബര ബൈക്കിൽ വഴിയാത്രക്കാരും കച്ചവടക്കാരുമായ സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളയുന്ന സംഘത്തിലെ പ്രധാനിയെ ചാത്തന്നൂർ പൊലീസും സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും ചേർന്ന് പിടികൂടി. പാറശ്ശാലക്കടുത്ത് ഇഞ്ചിവിളയിൽനിന്ന് തിരുവനന്തപുരം പാറശ്ശാല ഇഞ്ചിവിള ബീവി മൻസിലിൽ എസ്. യാസർ അറഫത്ത് (19 -അർഫാൻ) ആണ് െപാലീസ് പിടിയിലായത്. ഒക്ടോബർ 31ന് പുലർച്ച ആറോടെ ചാത്തന്നൂർ ഉൗറാംവിളക്കു സമീപം മത്സ്യകച്ചവടത്തിൽ ഏർപ്പെട്ട ശക്തികുളങ്ങര സ്വദേശിനിയുടെ സ്വർണമാലയും കുരിശും മത്സ്യം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തി പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തെതുടർന്ന് സിറ്റി പൊലീസ് കമീഷണർ ടി. നാരായണെൻറ നിർദേശപ്രകാരം ചാത്തന്നൂർ എ.സി.പി ഷെനു തോമസിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. മോഷണത്തിനുശേഷം അതിവേഗം ബൈക്ക് ഓടിച്ചുപോയ പ്രതികളെ ചാത്തന്നൂർ മുതൽ പാറശ്ശാല വരെ ഇരുനൂറോളം സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് തന്ത്രപരമായി പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ മനീഷ് ഇൗ മാസം ആറിന് പിടിയിലായിരുന്നു. നാഗർകോവിൽ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി നാഗർകോവിൽ കോട്ടാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി- മോഷണക്കേസിൽ പ്രതിയാണ്. നാഗർകോവിലിൽ വിറ്റ സ്വർണം പൊലീസ് കണ്ടെടുത്തു.
ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, എസ്.ഐമാരായ സരിൻ, നാസറുദ്ദീൻ, റെനോക്സ്, ഷാൻ ഹരിലാൽ, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ ജയകുമാർ, എ.എസ്.ഐ ബൈജു പി. ജെറോം, രിപു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.