പിതാവ് മദ്യലഹരിയിൽ; പതിമൂന്നുകാരൻ ഡ്രൈവിങ് സീറ്റിൽ
text_fieldsചാത്തന്നൂർ: മദ്യപിച്ച് അബോധാവസ്ഥയിലായ പിതാവിനെ ഒപ്പമിരുത്തി കാറോടിച്ചു വന്ന പതിമൂന്നുകാരനും പിതാവും പൊലീസിെൻറ പിടിയിലായി. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ ചാത്തന്നൂരിലായിരുന്നു സംഭവം. മലപ്പുറം മണ്ണാർക്കാട് വേങ്ങര സ്വദേശിയായ 46 കാരനും പതിമൂന്നുകാരനായ മകനുമാണ് പിടിയിലായത്. തിരുവനന്തപുരം കളിയിക്കാവിള മീനച്ചലുള്ള സ്വന്തം വീട്ടിൽ നിന്ന് മലപ്പുറത്തുള്ള ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. യാത്രക്കിടെ പിതാവ് അമിതമായി മദ്യപിച്ചതിനെത്തുടർന്ന് വാഹനമോടിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഇതോടെ ചാത്തന്നൂർ ശീമാട്ടിക്കു സമീപം െവച്ച് കാറിെൻറ നിയന്ത്രണം മകൻ ഏറ്റെടുത്തു.
കൊച്ചുകുട്ടി കാറോടിക്കുന്നതായി വിവരം ലഭിച്ച പൊലീസ് ചാത്തന്നൂർ ജങ്ഷനിൽ െവച്ച് കാർ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയതിനും കുട്ടിയുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ പെരുമാറിയതിനും പിതാവിനെതിരെ കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തിനായി പൊലീസ് ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായം തേടി.

