ചാത്തന്നൂരിലെ ബി.ജെ.പി വിജയം യു.ഡി.എഫുമായുള്ള ഡീലെന്ന് സി.പി.എം
text_fieldsകൊല്ലം: നിയമസഭ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി വിജയിച്ചത് അപമാനകരമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ പ്രസ്താവനയില്‍ പറഞ്ഞു.
യു.ഡി.എഫിന്റെ വോട്ട് മറിച്ചുനല്‍കി ബി.ജെ.പിയെ വിജയിപ്പിക്കുകയും മറ്റ് മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ട് വാങ്ങി യു.ഡി.എഫിന് വിജയിക്കാനുള്ള അവസരമൊരുക്കുകയും ചെയ്ത ഡീലാണ് ജില്ലയില്‍ നടന്നത്.
യു.ഡി.എഫിന് ചാത്തന്നൂരില്‍ 22,024(22 ശതമാനം) വോട്ട് മാത്രമാണ് ലഭിച്ചത്. 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 52,486 (42.54 ശതമാനം) വോട്ട് ഉണ്ടായിരുന്നു. 2025 ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ 42,730 (33.02 ശതമാനം) വോട്ട് യു.ഡി.എഫിന് ലഭിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 30,462 വോട്ടും, തദ്ദേശതെരഞ്ഞെടുപ്പ് താരതമ്യം ചെയ്താല്‍ 20,706 വോട്ടും യു.ഡി.എഫില്‍നിന്ന് ചോര്‍ന്നു.
പത്തനാപുരം മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാർഥിക്ക് 7031 (5.11ശതമാനം) വോട്ടാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ 28,579 (18.35 ശതമാനം) വോട്ട് ബി.ജെ.പിക്ക് ലഭിച്ച മണ്ഡലത്തിലാണ് ഈ വോട്ട് ചോര്‍ച്ച. കേരളത്തില്‍തന്നെ ബി.ജെ.പിക്ക് ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച രണ്ടാമത്തെ മണ്ഡലമാണ് പത്തനാപുരം.
ജില്ലയിലെ 2256 ബൂത്തുകളില്‍ ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ബൂത്തുകളൊഴിച്ചാല് മറ്റ് മണ്ഡലങ്ങളില്‍ ആകെ ആറ് ബൂത്തുകളില്‍ മാത്രമാണ് എന്‍.ഡി.എക്ക് ലീഡുള്ളത്. കൊല്ലം, കുണ്ടറ, പുനലൂര്‍, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ ഓരോ ബൂത്തിലും കരുനാഗപ്പള്ളിയില്‍ രണ്ട് ബൂത്തുകളിലുമാണ് എന്‍.ഡി.എ ലീഡ്. ബി.ജെ.പി വിജയിച്ച കൊല്ലം കോര്‍പറേഷനിലെ 12 ഡിവിഷനുകളിലും ജില്ലയിലെ മൂന്ന് ബ്ലോക്ക് ഡിവിഷനുകളില്‍ (മലനട, നെടുവത്തൂര്‍, ചന്ദനത്തോപ്പ്) ഒരിടത്ത് പോലും ബി.ജെ.പിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഡില്ല. ചാത്തന്നൂര്‍ ഒഴികെ ബി.ജെ.പി വിജയിച്ച തദ്ദേശ വാര്‍ഡുകളിലും ഇതുതന്നെയാണ് സ്ഥിതി. ബി.ജെ.പി ജനപ്രതിനിധികളുള്ള ജില്ലയിലെ ഒരു പ്രദേശത്തും നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാർഥിക്ക് ലീഡ് ലഭിച്ചില്ല എന്നത് വ്യക്തമായ ബി.ജെ.പി- യു.ഡി.എഫ് ഡീല്‍ വെളിവാക്കുന്നതാണെന്നും എസ്. സുദേവന് പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

