ഉദ്ഘാടനം കാത്ത് ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ബസ് വേ
text_fieldsചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർമാണം പൂർത്തിയായ ബസ് വേ
ചാത്തന്നൂർ: നിർമാണം പൂർത്തിയായിട്ടും തുറന്നു കൊടുക്കാതെ ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസ് വേ. മന്ത്രിയെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്നതിനാലാണ് തുറന്നുകൊടുക്കാത്തതെന്നാണ് വിവരം. കാൽനടയാത്ര പോലും ദുസ്സഹമായ നിലയിൽ തകർന്നുകിടന്ന ബസ് വേ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പുനർനിർമാണം നടത്തി ഇന്റർലോക്ക് ഇടുകയായിരുന്നു. നിർമാണം പൂർത്തിയായി രണ്ടുമാസം കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാൻ അധികൃതർക്ക് സമയമായില്ല.
ഡിപ്പോയിലേക്കെത്തുന്ന വാഹനങ്ങൾ ഇപ്പോൾ തൊട്ടപ്പുറത്തായുള്ള സ്വകാര്യ ബസ് സ്റ്റാൻഡിലും ഡിപ്പോക്കുള്ളിലുള്ള തകർന്ന റോഡിലൂടെയുമൊക്കെയാണ് വളച്ചെടുക്കുന്നത്. ഇതു ജനങ്ങൾക്ക് യാത്ര കൂടുതൽ ദുരിതപൂർണമാക്കി മാറ്റുകയാണ്.
ഇന്റർലോക്ക് പാകി വൃത്തിയാക്കിയെങ്കിലും വെള്ളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ ഡ്രെയിനേജ് സംവിധാനം ഒരുക്കാത്തത് ആശങ്കയുയർത്തുന്നുണ്ട്. അടിയന്തരമായി ബസ് വേ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്ത് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.