Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാത്തന്നൂരിൽ വന്യമൃഗങ്ങൾ: ജനം ഭയ നിഴലിൽ

text_fields
bookmark_border
ചാത്തന്നൂരിൽ വന്യമൃഗങ്ങൾ: ജനം ഭയ നിഴലിൽ
cancel

ചാത്തന്നൂർ: ചാത്തന്നൂരിൽ വ്യാപകമായി വന്യമൃഗങ്ങളെ കണ്ടു തുടങ്ങിയതോടെ ജനം ഭയ നിഴലിൽ. ഞായറാഴ്ച രാത്രി ചാത്തന്നൂർ കരുണാലയത്തിലെ നാല് ആടുകളെ വന്യജീവികൾ കടിച്ചു കൊന്നതോടെയാണ് ജനങ്ങളുടെ ഭീതി വർധിച്ചത്. കഴിഞ്ഞ മാസം കാരംകോട് ഭാഗത്ത് പുലർച്ചെ വനങ്ങളിൽ മാത്രം കാണുന്ന മാനിനെ നാട്ടുകാർ കണ്ടിരുന്നു.കഴിഞ്ഞ വർഷം കരടി ചാത്തന്നൂരിലെത്തിയപ്പോൾ പലരും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ വനംവകുപ്പ് കൂടുവെച്ച് പിടികൂടിയതോടെയാണ് യാഥാർഥ്യമാണെന്ന് ബോധ്യമായത്. കരടിയെ പിടിച്ചതിനു പിന്നാലെ കാട്ടുപന്നികളും മുള്ളൻപന്നികളും ഇപ്പോൾ ധാരാളമായി കാണുന്നു. കുരങ്ങന്മാർ കൂട്ടത്തോടെയെത്തുന്നു. കുറുനരികൾ പതിവുകാഴ്ചയായി മാറി, ഇത്തിക്കരയാറ്റിന്റെ തീരങ്ങളിൽ മയിലുകൾ പതിവ് സന്ദർശകരായി. കാട്ടിൽനിന്ന് ഏകദേശം അറുപത് കിലോമീറ്ററോളം ഇപ്പുറമുള്ള ചാത്തന്നൂരിന്റെ നാട്ടുവഴികളിലേക്കും ജനവാസമേഖലകളിലേക്കും വന്യമൃഗങ്ങൾ ഒന്നൊന്നായി എത്തിക്കൊണ്ടിരിക്കുകയാണ്. വിഷസർപ്പങ്ങളും മലമ്പാമ്പുകളും തെരുവുനായ്ക്കളും നാട്ടിലിറങ്ങുന്നു. കാടായി അംഗീകരിച്ചിട്ടില്ലെങ്കിലും ദേശീയപാതയോരത്ത് സ്പിന്നിങ് മില്ലിനോട് ചേർന്ന പത്ത് ഏക്കറോളം വരുന്ന സർക്കാർ ഭൂമി കാട് വളർന്ന് വന്യമൃഗങ്ങളുടെ താവളമായി മാറിയിട്ട് വർഷങ്ങളായി. മുപ്പത് അടിയോളം താഴ്ച്ചയുള്ള കനാലിൽ വൻ വൃക്ഷങ്ങളാണ് വളർന്ന് നിൽക്കുന്നത്.

ചാത്തന്നൂർ പഞ്ചായത്തിലൂടെ വലിയ കനാൽ കടന്ന് പോകുന്ന അഞ്ചു കിലോമീറ്റർ ദൂരം കാട് വളർന്നുനിൽക്കുകയാണ്. ജനങ്ങൾക്ക് കനാൽ റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ചെറുതും വലുതുമായ പാതയോരങ്ങൾ കാട് മൂടി കിടക്കുന്നു. കനാൽ വഴിയാണോ വന്യമൃഗങ്ങൾ വരുന്നതെന്ന സംശയവും നാട്ടുകാർക്കുണ്ട്.കാട്ടുപന്നികൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് മൂലം പലരും കൃഷി മതിയാക്കി. കുറുനരികളും കീരികളും കോഴികളെ പിടിച്ചുകൊണ്ട് പോകുന്നത് മൂലം കോഴി വളർത്തലും നിലച്ചു. കനാലിലും റോഡിന്റെ ഇരുവശങ്ങളിലും അറവുമാലിന്യം ഉൾപ്പെടെയുള്ളവ നിക്ഷേപിക്കുന്നത് പതിവായതിനാൽ തെരുവുനായ്ക്കൾക്കും വന്യമൃഗങ്ങൾക്കും ഭക്ഷണത്തിന് ക്ഷാമമില്ലാത്ത അവസ്ഥയാണ്. കാരംകോട് വിമല സെൻട്രൽ സ്കൂളിന്റെ ഭാഗത്ത് രാത്രിയിൽ കണ്ട പുള്ളിമാൻ ഇപ്പോഴും ചാത്തന്നൂർ തോടിന്റെ തീരങ്ങളിലും വിവിധ പുരയിടങ്ങളിലും അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആൾക്കാരെ കാണുമ്പോൾ ഓടിപ്പോകുന്ന മാനിന്റെ പിന്നാലെ തെരുവുനായ്ക്കളും ഓടുന്നത്കാണാം.

അടുത്തിടെ നടയ്ക്കൽ ചാത്തന്നൂർ റോഡിൽ മുള്ളൻപന്നി ബൈക്കിന് കുറുകെചാടി രണ്ട് വയസ്സുകാരനും പിതാവിനും പരിക്കേറ്റിരുന്നു. മാമ്പള്ളി കുന്നത്തെ കരുണാലയത്തിൽ മതിൽ ചാടികടന്നെത്തിയ ചെന്നായ ഇനത്തിൽപ്പെട്ട കുറുനരികൾ ആയിരിക്കും ആടുകൾക്ക് നേരെ ആക്രമണം നടത്തിയത് എന്ന് സംശയിക്കുന്നു. ഇതിന് മുമ്പും ഇവിടെ കുറുനരികളെ വണ്ടിയിടിച്ചു ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചാത്തന്നൂർ കരുണാലയത്തിൽ യമുനപ്യാരി ഇനത്തിൽപ്പെട്ട ആടുകളെയാണ് കൊന്നത്. മൃഗഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പോസ്റ്റ്‌ മാർട്ടം നടത്തി മൃഗങ്ങളെ കുഴിച്ചുമൂടി. ബി.ബി. ഗോപകുമാർ എം.എൽ. എ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൽ. മഹേശ്വരി എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അഞ്ചൽ ഫോറസ്റ്റ് ഓഫിസർ യേശുദാസന്റെ നേതൃത്വത്തിലും പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chathannoor Faces Rising Wildlife Threat
Next Story