ഒഡീഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ
text_fieldsടുക്കുണു പരിച്ച
കൊല്ലം: ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടിരുന്ന മുഖ്യകണ്ണിയെ പള്ളിത്തോട്ടം പൊലീസ് പിടികൂടി. ഒഡിഷ ഗജപതി അഡാവാ പൊലീസ് സ്റ്റേഷൻ പരിധിയിൽ പാണിഗണ്ട് ദേഗപങ്കു വീട്ടിൽ ടുക്കുണു പരിച്ച (27) ആണ് ഒഡീഷയിലെ പാണിഗണ്ട എന്ന ഉൾഗ്രാമത്തിൽ നിന്നും അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 17ന് 21 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി ഭക്തിസിംഗിനേയും ജാർഖണ്ഡ് സ്വദേശി അൻസാരിയേയും പള്ളിത്തോട്ടം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് ആഗസ്റ്റ് ഒമ്പതിന് ഒഡിഷ സ്വദേശി ബ്രഹ്മദാസ് എന്നയാളിനെ 10 കിലോ കഞ്ചാവുമായി അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിനാട് റെയിൽവെ സ്റ്റേഷൻ സമിപം വെച്ചും പൊലീസ് പിടികൂടി. ഈ മൂന്ന് പ്രതികളേയും ചോദ്യം ചെയ്തതിൽ നിന്നാണ് ഒഡിഷയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്ന ടുക്കുണു പരിച്ച എന്ന വ്യക്തിയിലേക്ക് എത്തുന്നത്.
സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണിന്റെ നിർദ്ദേശാനുസരണം പള്ളിത്തോട്ടം ഐ.എസ്.എച്ച്.ഒ ബി. ഷെഫീഖ്, അഞ്ചാലുംമൂട് എസ്.ഐ ഗിരീഷ് എന്നിവർ കഴിഞ്ഞ 17ന് ഒഡിഷയിലേക്ക് തിരിക്കുകയായിരുന്നു. 20ന് രാത്രിയിൽ ഒഡീഷയിൽ എത്തിയ കേരള പൊലീസ് മൊഹാന എന്ന സ്ഥലത്തെ ഗ്രാമത്തിൽ നിന്നും ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. ഗ്രാമവാസികൾ എതിർത്തെങ്കിലും ഒഡിഷാ പൊലീസിന്റെ സഹായത്തോടുകൂടി ഇയാളെ കേരള പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
എറണാകുളത്ത് അഞ്ചു വർഷം മുമ്പ് ഹോട്ടൽ ജോലിക്കാരൻ ആയിരുന്ന ഇയാൾക്ക് മലയാളം സംസാരിക്കാൻ കഴിയും എന്നുള്ള നേട്ടമാണ് മലയാളികൾക്ക് കഞ്ചാവ് വിതരണം ചെയ്യാൻ ഇയാൾക്ക് തുണയായതെന്ന് പൊലീസ് പറയുന്നു. ഗജപതി കോടതിയിൽ ഇയാളെ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി പ്രതിയെ പള്ളിത്തോട്ടത്ത് എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

