കഞ്ചാവ് കടത്തിയ കേസ്; യുവാവിന് രണ്ട് വർഷം കഠിനതടവ്
text_fieldsRepresetational image
കൊല്ലം: വിൽപനക്കായി കഞ്ചാവ് കടത്തിയ കേസിൽ പ്രതിയെ രണ്ടു വർഷം കഠിന തടവിനും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കാതിരുന്നാൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.
കരുനാഗപ്പള്ളി തേവലക്കര പാലയ്ക്കൽ ചക്കാല തെക്കതിൽ വീട്ടിൽ അഫ്സൽ മൻസിലിൽ നിന്ന് പന്മന നടുവത്ത് വാടകക്ക് താമസിച്ച അഫ്സലിനെ (27 -കുട്ടു) ആണ് ശിക്ഷിച്ചത്. കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി ശാലീന വി.ജി. നായരാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് ഹാജരായി.
2019 സെപ്റ്റംബർ നാലിന് രാത്രി ഒമ്പതോടു കൂടി കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പന്മന മനയ്ക്കൽ സ്കൂൾ ജങ്ഷനിൽ നിന്നും 233 പുത്തൻചന്തയിലേക്ക് പോകുന്ന റോഡിലൂടെ പട്രോളിങ് നടത്തി വരവെയാണ് ഇയാൾ പിടിയിലായത്.
വാഹനത്തിൽ സമീപം എത്തിയ എക്സൈസ് സംഘത്തെ കണ്ട്, സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന പ്രതി പെട്ടെന്ന് ഓടിച്ചു പോകുന്നതിന് ശ്രമിക്കുകയും തടഞ്ഞ് നിർത്തി പരിശോധിക്കുകയുമായിരുന്നു. വാഹനം പരിശോധിച്ചതിൽ പ്ലാറ്റ്ഫോമിൽ പ്ലാസ്റ്റിക് കവറിൽ 1.244 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ദേഹപരിശോധനയിൽ കഞ്ചാവ് വിറ്റ ഇനത്തിലുള്ള പണവും കണ്ടെടുത്തിരുന്നു.
കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥരായ അഭിലാഷ്, ജിനു തങ്കച്ചൻ, സജീവ്, വിജു, ശ്യാംകുമാർ, പ്രിവന്റിവ് ഓഫിസർമാരായ സുരേഷ് കുമാർ, അൻവർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ ആർ. ബിജുകുമാർ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

