കനൈൻ ഡിസ്റ്റംബർ; മയ്യനാട് പഞ്ചായത്തിൽ നായ്ക്കൾ ചാവുന്നു
text_fieldsrepresentational image
കൊട്ടിയം: നായ്ക്കളിലെ കനൈൻ ഡിസ്റ്റംബർ പകർച്ചവ്യാധി ഭീഷണിയിൽ മയ്യനാട്. പഞ്ചായത്തിൽ നായ്ക്കൾ വൈറസ് ബാധയെതുടർന്ന് ചത്ത് വീഴുന്നു. പഞ്ചായത്തിന്റെ വിവിധയിടങ്ങിലെ വളർത്തുനായ്ക്കളും തെരുവുനായ്ക്കളുമാണ് കൂട്ടത്തോടെ ചത്തത്.
മൂക്ക്, വായ എന്നിവിടങ്ങളിൽനിന്ന് നുരയും പതയും വന്ന് വിറച്ചുകൊണ്ടാണ് നായ്ക്കൾ ചാകുന്നത്. വൈറസ് ബാധിച്ചാൽ ഭക്ഷണം കഴിക്കാനാകാതെ ശരീരം തളർന്നാണ് ഇവയുടെ മരണം. വഴിയോരങ്ങളിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും കടത്തിണ്ണകളിലും ഇത്തരത്തിൽ രോഗം ബാധിച്ച നായ്ക്കളെ കണ്ടതായി കച്ചവടക്കാരും ചൂണ്ടിക്കാട്ടി. കനൈൻ ഡിസ്റ്റംബർ എന്ന വൈറസ് നായ്ക്കൾക്ക് പുറമെ മരപ്പട്ടി, കുറുനരി, കുറുക്കൻ, സിംഹം എന്നിവയെയും ബാധിക്കാറുണ്ട്. വൈറസിനെതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കുക മാത്രമാണ് പ്രതിവിധിയെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നു.
നായ്ക്കളിൽനിന്ന് നായ്ക്കളിലേക്ക് മാത്രമാണ് വൈറസ് പകരുക. വാക്സിനെടുത്ത നായ്ക്കൾ സുരക്ഷിതരാണ്. ചത്തതിൽ ഭൂരിഭാഗവും തെരുവുനായ്ക്കളാണെന്നതിനാൽ ആശങ്ക അവസാനിക്കുന്നില്ല. രോഗം ബാധിച്ച നായ്ക്കളിൽനിന്ന് പുറപ്പെടുവിക്കുന്ന സ്രവത്തിലൂടെയാണ് രോഗം പകരുന്നത്.
മനുഷ്യരിലേക്ക് ഈ വൈറസ് പകരില്ല. പനി, വയറിളക്കം, വിശപ്പില്ലായ്മ, കണ്ണിൽനിന്നും മൂക്കിൽനിന്നും സ്രവം ഒഴുകുക തുടങ്ങിയവയാണ് കനൈൻ ഡിസ്റ്റംബറിന്റെ പൊതുവായ ലക്ഷണങ്ങൾ. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രണ്ടാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ചെറിയ പനിയിൽ തുടങ്ങി അതികഠിനമായ പനിയും തുടർന്ന് ഭക്ഷണം കഴിക്കാതെയുമാവും.
വൈറസ് ബാധിക്കുന്ന നായ്ക്കളിൽ നിർജലീകരണം സംഭവിച്ച് എളുപ്പം മരണം സംഭവിക്കാം. ശുചിത്വം ഉറപ്പാക്കിയും കൃത്യസമയത്ത് കുത്തിവെപ്പെടുത്തും രോഗം പ്രതിരോധിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

